സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പുതിയ യുഡിഎഫ് സർക്കാരിന്റെ ഭരണപരമായ പിടിപ്പുകേടും കെടുകാര്യസ്ഥതയും മൂലമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. നിലവിലെ പ്രതിസന്ധിക്ക് മുൻ എൽഡിഎഫ് സർക്കാരിനെ കുറ്റപ്പെടുത്താനുള്ള ശ്രമം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി വാങ്ങൽ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന യുഡിഎഫ് വാദം തെറ്റാണെന്ന് പിണറായി വിജയൻ പറഞ്ഞു. 2015-ൽ യുഡിഎഫ് ഭരണകാലത്ത് ആവശ്യമായ അനുമതികളില്ലാതെ ഒപ്പുവെച്ച കരാറിലെ നിയമപരമായ ന്യൂനതകളാണ് റെഗുലേറ്ററി കമ്മീഷൻ കരാർ റദ്ദാക്കാൻ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കരാർ പ്രകാരമുള്ള വൈദ്യുതി നഷ്ടമാകാതിരിക്കാൻ എൽഡിഎഫ് സർക്കാർ ഇടപെട്ടതായും കരാർ നിലനിർത്താൻ സുപ്രീം കോടതിവരെ നിയമപോരാട്ടം നടത്തിയതായും അദ്ദേഹം അവകാശപ്പെട്ടു. 2023-ൽ കരാറിന് അന്തിമ അനുമതി നിഷേധിച്ചതിന് ശേഷവും എൽനിനോയും മഴക്കുറവും നേരിട്ട കാലഘട്ടത്തിൽ പവർകട്ടോ ലോഡ് ഷെഡ്ഡിംഗോ ഇല്ലാതെ സംസ്ഥാനം മുന്നോട്ടുകൊണ്ടുപോകാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ വൈദ്യുതി ആവശ്യകത കുറഞ്ഞിട്ടും ആവശ്യത്തിന് വൈദ്യുതി ഉറപ്പാക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുന്നില്ലെന്ന് ആരോപിച്ച പിണറായി വിജയൻ, ഇത് സർക്കാരിന്റെ കഴിവുകേടിന്റെ തെളിവാണെന്നും പറഞ്ഞു. വൈദ്യുതി ലഭ്യമല്ലെന്ന സർക്കാരിന്റെ വാദവും അദ്ദേഹം തള്ളി.
വൈദ്യുതി മേഖലയിലെ സ്വകാര്യവൽക്കരണത്തിന് വഴിയൊരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കൃത്രിമമായി പ്രതിസന്ധി സൃഷ്ടിച്ച് കെഎസ്ഇബിയെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.
