വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെയും പവർകട്ട്; പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ച് സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെയും വൈദ്യുതി മുടങ്ങി. കൊച്ചിയിൽ കെഎസ്ഇബി ഓഫീസേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് വൈദ്യുതി നിലച്ചത്. ഇതോടെ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ച് മന്ത്രി മടങ്ങി.

സംഭവം വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ടതല്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിത പവർകട്ട് തുടരുന്നത് ജനങ്ങളിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പകൽ സമയത്തും ഇടവിട്ടുള്ള വൈദ്യുതി മുടക്കം ജനജീവിതത്തെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെയും ബാധിക്കുന്നതായി പരാതിയുണ്ട്.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നും നിലവിലെ പ്രതിസന്ധി ഉടൻ പരിഹരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ദേശീയതലത്തിൽ വൈദ്യുതി ഉത്പാദനം കുറയുകയും ആവശ്യകത വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിതരണത്തിൽ നിയന്ത്രണം വരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. സോളാർ വൈദ്യുതി സംഭരിച്ച് രാത്രിയിൽ ഉപയോഗിക്കുന്ന പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും കേരളം ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് സ്വയം ഉത്പാദിപ്പിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

മറുപടി രേഖപ്പെടുത്തുക