സെപ്റ്റംബർ 28 മുതൽ 30 വരെ പ്രഖ്യാപിച്ചിരിക്കുന്ന ദേശവ്യാപക ബാങ്ക് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസ നടപടിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ). പണിമുടക്ക് ദിവസങ്ങളിൽ രാജ്യത്തെ ഏത് ബാങ്കിന്റെ എടിഎമ്മിൽ നിന്നായാലും പണം പിൻവലിക്കുമ്പോൾ അധിക സേവന നിരക്ക് ഈടാക്കില്ലെന്ന് എസ്‌ബിഐ അറിയിച്ചു.
എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പണസേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ബാങ്ക് വ്യക്തമാക്കി.
അടിയന്തര ആവശ്യങ്ങളുള്ളവർ പ്രധാന ബാങ്കിങ് ഇടപാടുകൾ മുൻകൂട്ടി പൂർത്തിയാക്കണമെന്നും എസ്‌ബിഐ നിർദേശിച്ചു. പണിമുടക്ക് കാലയളവിലും യോനോ, ഓൺലൈൻ എസ്‌ബിഐ, യുപിഐ, വാട്‌സ്ആപ്പ് ബാങ്കിങ്, എൻഇഎഫ്‌ടി, ആർടിജിഎസ്, ഐഎംപിഎസ് തുടങ്ങിയ ഡിജിറ്റൽ സേവനങ്ങൾ സാധാരണപോലെ ലഭ്യമാകുമെന്നും ബാങ്ക് അറിയിച്ചു.
അതേസമയം, ബാങ്ക് പണിമുടക്കിനെ തുടർന്ന് സേവനങ്ങൾ തടസ്സപ്പെടാതിരിക്കാനായി രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും പ്രാദേശിക ഗ്രാമീണ ബാങ്കുകളും ഞായറാഴ്ച സാധാരണ പ്രവൃത്തി ദിനമായി പ്രവർത്തിക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
നാലാം ശനിയാഴ്ചയും ഞായറാഴ്ചയും തുടർന്നുള്ള മൂന്ന് ദിവസത്തെ പണിമുടക്കും കൂടി വന്നാൽ ബാങ്കിങ് സേവനങ്ങളിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന ആശങ്ക നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഞായറാഴ്ച പ്രത്യേക പ്രവൃത്തി ദിനമാക്കി സേവനങ്ങൾ ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചത്.
