പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ.ഡി നീക്കത്തിന് പിന്നിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണയുണ്ടെന്ന് സിപിഎം ആരോപിച്ചു. ഇ.ഡിയുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കത്തിന് യുഡിഎഫും പിന്തുണ നൽകുകയാണെന്നും പാർട്ടി വിമർശിച്ചു.
പിണറായി വിജയനെതിരെ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമതടസങ്ങൾ മറികടക്കുകയെന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്നാണ് സിപിഎമ്മിന്റെ ആരോപണം. നിലവിലെ നിയമപ്രകാരം മറ്റൊരു അന്വേഷണ ഏജൻസി രജിസ്റ്റർ ചെയ്ത പ്രാഥമിക കേസോ എഫ്.ഐ.ആറോ ഇല്ലാതെ ഇ.ഡിക്ക് നേരിട്ട് അന്വേഷണം ആരംഭിക്കാൻ സാധിക്കില്ലെന്നും പാർട്ടി ചൂണ്ടിക്കാട്ടുന്നു.
ഈ സാഹചര്യത്തിലാണ് നിയമപരമായ തടസം ഒഴിവാക്കാൻ ബിജെപി യുഡിഎഫിന്റെ സഹായം തേടിയതെന്നും, മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് ഇ.ഡി വിജിലൻസിന് കത്തയച്ചതെന്നും സിപിഎം ആരോപിച്ചു.
അതേസമയം, പിണറായി വിജയൻ, പി.എ. മുഹമ്മദ് റിയാസ്, ടി. വീണ എന്നിവർക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി ഡിജിപിക്ക് കത്തയച്ച സംഭവത്തിൽ പ്രതികരണവുമായി പി.എ. മുഹമ്മദ് റിയാസും രംഗത്തെത്തി. ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന കാര്യം നേരത്തേ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
