സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശുപാർശ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. ഇഡിയുടെ നിർദേശപ്രകാരം കേസെടുക്കരുതെന്നും കേന്ദ്ര ഏജൻസിയുടെ ഉപകരണമാകരുതെന്നും സംസ്ഥാന സർക്കാരിനോട് പാർട്ടി മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ വേട്ടയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ വ്യക്തമാക്കി.
വിജിലൻസ്, ഹൈക്കോടതി, സുപ്രീം കോടതി എന്നിവ നേരത്തെ തള്ളിക്കളഞ്ഞ വിഷയത്തിലാണ് കേരള പൊലീസിനെ ഉപയോഗിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യിക്കാൻ ഇഡി ശ്രമിക്കുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി ആരോപിച്ചു. പിണറായി വിജയനെ ഒറ്റപ്പെടുത്തി ആക്രമിക്കാമെന്ന് ആരും കരുതേണ്ടെന്നും കേരളത്തിലെ രാഷ്ട്രീയ ഒത്തുകളികൾ ഇപ്പോൾ കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ നിന്നുള്ള ഒരു കോൺഗ്രസ് എംഎൽഎ സമർപ്പിച്ച ഹർജിയുടെ പശ്ചാത്തലത്തിൽ, വിവിധ നിയമപരിശോധനകൾക്ക് ശേഷം തള്ളിക്കളഞ്ഞ വിഷയത്തിൽ വീണ്ടും കേസ് രജിസ്റ്റർ ചെയ്യാനുള്ള നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് എം.എ. ബേബി വിമർശിച്ചു. കേന്ദ്ര സർക്കാർ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട് ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണവും അദ്ദേഹം ആവർത്തിച്ചു.
ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾ നടപ്പാക്കാൻ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ തയ്യാറാണെന്ന പ്രതീക്ഷയാണ് കേന്ദ്രത്തിനുള്ളതെന്നും, കെപിസിസി നേതൃത്വം ഇതിനുള്ള സന്നദ്ധത ഇതിനകം പ്രകടിപ്പിച്ചിട്ടുണ്ടെന്നും എം.എ. ബേബി കുറ്റപ്പെടുത്തി. ദിവസങ്ങൾ കഴിയുന്തോറും കേരളത്തിൽ ആരൊക്കെയാണ് പരസ്പര ധാരണയോടെ പ്രവർത്തിക്കുന്നതെന്ന് ജനങ്ങൾക്ക് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎമ്മിനെയോ പിണറായി വിജയനെയോ ഭീഷണിപ്പെടുത്താനോ രാഷ്ട്രീയമായി ഒതുക്കാനോ ഇത്തരം നീക്കങ്ങളിലൂടെ കഴിയില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള എല്ലാ നടപടികളെയും ശക്തമായി ചെറുക്കുമെന്നും എം.എ. ബേബി എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി. രാഷ്ട്രീയവും നിയമപരവുമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് ഇത്തരം നീക്കങ്ങൾക്കെതിരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
