അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പിതാവും ദീർഘകാല മാനേജരുമായ ജോർജ് മെസ്സി (68) അന്തരിച്ചതായി റിപ്പോർട്ടുകൾ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം സംഭവിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ജോർജ് മെസ്സിയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കകൾ ഉയർന്നിരുന്നു. കുടുംബം പ്രയാസകരമായ സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലയണൽ മെസ്സി നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും, പിതാവിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല.
ജൂണിൽ അൾജീരിയക്കെതിരായ മത്സരത്തിൽ ഗോൾ നേടിയതിന് പിന്നാലെ മെസ്സി വികാരാധീനനായത് വലിയ ചർച്ചയായിരുന്നു. പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെ, “എനിക്ക് ചില ബുദ്ധിമുട്ടുള്ള ദിവസങ്ങളായിരുന്നു. അതിനാലാണ് വികാരാധീനനായത്” എന്ന് താരം പ്രതികരിച്ചിരുന്നു. ഇതോടെയാണ് ജോർജ് മെസ്സിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായത്.
തുടർന്ന് പ്രചരിച്ച വാർത്തകൾക്കും ഊഹാപോഹങ്ങൾക്കുമിടെ മെസ്സി കുടുംബം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി സ്വകാര്യത മാനിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. ജോർജ് മെസ്സി ചികിത്സയിൽ കഴിയുകയാണെന്നും കുടുംബത്തിന്റെ സ്വകാര്യത ബഹുമാനിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.
ലയണൽ മെസ്സിയുടെ ഫുട്ബോൾ ജീവിതത്തിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ജോർജ് മെസ്സി. റൊസാരിയോയിലെ യുവതാരമായിരുന്ന കാലം മുതൽ മകന്റെ കരിയറിനൊപ്പം നിന്ന അദ്ദേഹം, പിന്നീട് മെസ്സിയുടെ ഏജന്റായും പ്രവർത്തിച്ചു. ലോക ഫുട്ബോളിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായി മെസ്സി ഉയരുന്നതിൽ ജോർജ് മെസ്സിയുടെ പിന്തുണയും മാർഗനിർദേശവും നിർണായകമായിരുന്നു.
ജോർജ് മെസ്സിയുടെ നിര്യാണവാർത്ത ഫുട്ബോൾ ലോകത്തെയും മെസ്സിയുടെ ആരാധകരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്
