പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന അർജുൻ ആയങ്കിയെ കണ്ടെത്താനുള്ള അന്വേഷണം ശക്തമാക്കി പൊലീസ്. കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയാൻ സഹായം നൽകിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്.
ഇതിനിടെ, സിപിഎം നേതാവ് എം വി ജയരാജൻ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെ അർജുൻ ആയങ്കി സാമൂഹിക മാധ്യമങ്ങളിലൂടെ തിരിച്ചടിച്ചു. “ശത്രുവിനെക്കാൾ വലിയ ശത്രുവായാണ് ജയരാജൻ തന്നെ കണ്ടത്. പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്” എന്നാണ് അർജുൻ ഫേസ്ബുക്കിൽ കുറിച്ചത്.
അർജുൻ ആയങ്കി സിപിഎമ്മിലല്ല, ക്വട്ടേഷൻ സംഘങ്ങളിലൂടെയാണ് വളർന്നതെന്നും ക്വട്ടേഷൻ സംഘങ്ങളുടെ പിന്തുണ സിപിഎമ്മിന് ആവശ്യമില്ലെന്നും എം.വി ജയരാജൻ പ്രതികരിച്ചു. പൊലീസിനെ വെല്ലുവിളിച്ച് പ്രതി നടക്കുന്നത് ആശ്ചര്യകരമാണെന്നും വിഷയത്തിൽ ഉയരുന്ന ചില ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അർജുൻ ആയങ്കി ഒളിവിൽ പോകാൻ ഉപയോഗിച്ചതായി കരുതുന്ന കാർ കണ്ണൂർ പനങ്കാവിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തി. വാഹനം അർജുന്റെ ഭാര്യയുടെ പേരിലുള്ളതാണെന്നാണ് വിവരം. നേരത്തെ എടപ്പാളിലെ ഒരു ഹോട്ടലിൽ അർജുൻ എത്തി ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
തിരൂർ ഡിവൈഎസ്പി എ.എം. സിദ്ദീഖിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് അർജുന് താമസസൗകര്യം ഒരുക്കിയതായി സംശയിക്കുന്ന അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. അർജുൻ ആയങ്കിയെ കണ്ടെത്താനുള്ള തെരച്ചിൽ വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്.
