ധനുഷിനെ നായകനാക്കി രാജ്കുമാര് പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും അഭിനയിക്കുന്നു. ചിത്രത്തില്‍ ഏറെ നിര്‍ണായകമായ ഒരു കഥാപാത്രത്തിനാണ് മമ്മൂട്ടി ജീവന് നല്‍കുന്നത്. ധനുഷിന്റെ വണ്ടര്‍ ബാര്‍ ഫിലിംസും ആര് ടേക്ക് സ്റ്റുഡിയോസും ചേര്‍ന്നാണ് ഈ പാന്‍ ഇന്ത്യന്‍ ചിത്രം നിര്‍മിക്കുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ അമരന്ക്ക് ശേഷം രാജ്കുമാര് പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്.
എട്ട് വര്‍ഷത്തിന് ശേഷം മമ്മൂട്ടി തമിഴ് സിനിമയില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. 2018ല്‍ റാം സംവിധാനം ചെയ്ത പേരന്പ് എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴില്‍ എത്തിയത്. ആ ചിത്രത്തിലെ ശക്തമായ പ്രകടനത്തിന് പ്രേക്ഷകരുടെയും നിരൂപകരുടെയും ഒരുപോലെ വലിയ പ്രശംസ അദ്ദേഹം നേടിയിരുന്നു.
