ടി20 ലോകകപ്പ്: നെതർലൻഡ്സിനും ന്യൂസിലൻഡിനും തകർപ്പൻ ജയം

ടി20 ലോകകപ്പിൽ പകൽ നടന്ന രണ്ട് മത്സരങ്ങളിൽ നെതർലൻഡ്സും ന്യൂസിലൻഡും തകർപ്പൻ ജയങ്ങൾ സ്വന്തമാക്കി. രാവിലെ നടന്ന ആദ്യ മത്സരത്തിൽ ടോസ് നേടിയ നെതർലൻഡ്സ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നമീബിയ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്തു.

ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റൺ (42), ജാൻ ഫ്രൈലിങ്ക് (30), ജെജെ സ്മിറ്റ് (22) എന്നിവരുടെ ബാറ്റിങ് മികവിലാണ് നമീബിയ മാന്യമായ സ്കോർ പടുത്തുയർത്തിയത്. നെതർലൻഡ്സിനായി ലോഗൻ വാൻ ബീക്കും ബസ് ഡെ ലീഡും രണ്ട് വീതം വിക്കറ്റുകൾ നേടി.

മറുപടിയായി നെതർലൻഡ്സ് 18 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 48 പന്തിൽ 72 റൺസെടുത്ത ബസ് ഡെ ലീഡിന്റെയും, കോളിൻ അക്കർമാൻ (32), മൈക്കൽ ലെവിറ്റ് (28) എന്നിവരുടെയും തകർപ്പൻ ഇന്നിങ്സുകളുടെ കരുത്തിൽ ഓറഞ്ച് പട ഏഴ് വിക്കറ്റിന്റെ അനായാസ ജയം നേടി.

അതേസമയം, രണ്ടാം മത്സരത്തിൽ യുഎഇക്കെതിരെ ന്യൂസിലൻഡ് പത്ത് വിക്കറ്റിന്റെ തകർപ്പൻ ജയം നേടി. യുഎഇ ഉയർത്തിയ 174 റൺസ് വിജയലക്ഷ്യം ന്യൂസിലൻഡ് 15.2 ഓവറിൽ തന്നെ മറികടന്നു.

ഓപ്പണർമാരായ ടിം സീഫർട്ടിന്റെയും ഫിൻ അലന്റെയും അപരാജിത അർധസെഞ്ച്വറികളാണ് ന്യൂസിലൻഡിന്റെ ജയം എളുപ്പമാക്കിയത്. ടിം സീഫർട്ട് 42 പന്തിൽ 12 ബൗണ്ടറികളും മൂന്ന് സിക്‌സറുകളും സഹിതം പുറത്താകാതെ 89 റൺസെടുത്തു. ഫിൻ അലൻ 50 പന്തിൽ അഞ്ച് ബൗണ്ടറികളും അഞ്ച് സിക്‌സറുകളും സഹിതം പുറത്താകാതെ 84 റൺസും നേടി.

മറുപടി രേഖപ്പെടുത്തുക