‘കൊച്ചു കേരളം’ എന്ന അപകർഷതാബോധം ഇനി വേണ്ടെന്നും, അതിന് പകരം ‘മഹത്തായ കേരളം’ എന്ന ആത്മവിശ്വാസവും അഭിമാനബോധവുമാണ് വളർത്തേണ്ടതെന്നും മുഖ്യമന്ത്രി Pinarayi Vijayan പറഞ്ഞു. അഞ്ചാം കേരള പഠന കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനാ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വികസനമാണ് സർക്കാർ ഉറപ്പാക്കുന്നതെന്നും, അതാണ് നമ്മുടെ പ്രധാന ചുമതലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ടെന്നും, കേരള വികസന മാതൃകയെ കാലാനുസൃതമായി പുതുക്കി പണിയേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തെ പുരോഗമന പാതയിൽ നയിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും, നവോത്ഥാന പ്രസ്ഥാനങ്ങൾ സൃഷ്ടിച്ച സാമൂഹിക അടിത്തറയിൽ നിന്നുകൊണ്ട് കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ പ്രസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചാമത് കേരള പഠന കോൺഗ്രസ്, എൽഡിഎഫ് സർക്കാരിന്റെ തുടർച്ചയായ പത്ത് വർഷത്തെ ഭരണാനുഭവങ്ങളും പാഠങ്ങളും ചർച്ച ചെയ്യുന്ന വേദിയാണെന്നും, ഈ കാലയളവ് വെറും ഭരണകാലമല്ല മറിച്ച് നവകേരള സൃഷ്ടിക്കായുള്ള ശക്തമായ വികസന അടിത്തറ പാകിയ ഘട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.
