വിഡി സതീശന് സുരക്ഷ വർധിപ്പിച്ചു; ‘പുതുയുഗ യാത്ര’ വേദികളിൽ കനത്ത പോലീസ് കാവൽ

സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ കെ.എസ്.യു പ്രതിഷേധത്തെത്തുടർന്ന് സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷസാധ്യത ഉയർന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സുരക്ഷ ശക്തമാക്കി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യുടെ ആലപ്പുഴ ജില്ലയിലെ വേദികളിൽ കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

മന്ത്രി വീണാ ജോർജിനെതിരായ സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.ഐ.എം–ഡിവൈഎഫ്ഐ പ്രവർത്തകർ സതീശനെതിരെ രംഗത്തിറങ്ങാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. ചേർത്തലയും ആലപ്പുഴ ടൗണും ഉൾപ്പെടെയുള്ള യാത്രാ കേന്ദ്രങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം, കണ്ണൂരിലെ സംഭവത്തിൽ മന്ത്രിക്കെതിരെ കയ്യേറ്റം നടന്നിട്ടില്ലെന്ന നിലപാടിലാണ് വി.ഡി. സതീശൻ ഉറച്ചുനിൽക്കുന്നത്. വെറും മൂന്നോ നാലോ പ്രവർത്തകർ മാത്രമാണ് സ്ഥലത്ത് ഉണ്ടായിരുന്നതെന്നും അവർ മന്ത്രിയുടെ സമീപത്തേക്ക് പോലും എത്തിയിട്ടില്ലെന്നും അദ്ദേഹം ആവർത്തിച്ചു. “എനിക്കെതിരെ പ്രതിഷേധിക്കാം, അതിൽ എനിക്ക് പ്രശ്നമില്ല. കേരളത്തെ ഈ അവസ്ഥയിലേക്ക് കൊണ്ടുവന്നത് ഞാനാണല്ലോ,” എന്ന് അദ്ദേഹം പരിഹസിച്ചു. ജനാധിപത്യ സംവിധാനത്തിൽ പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും അവ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക