ആറ്റുകാൽ പൊങ്കാല വിവാദം; വിമർശനങ്ങൾക്ക് പിന്നാലെ നടി അന്ന രാജൻ ക്ഷമാപണം നടത്തി

ആറ്റുകാൽ പൊങ്കാലയ്ക്കായി എത്തുന്ന സിനിമ–സീരിയൽ താരങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പതിവായി വൈറലാകാറുണ്ട്. ഇത്തവണ നടി അന്ന രാജൻ ആറ്റുകാൽ പൊങ്കാല അർപ്പിക്കാൻ എത്തിയ ചിത്രങ്ങളും വീഡിയോകളും വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ താരത്തിന്റെ വസ്ത്രധാരണം ഉൾപ്പെടെ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനവും ഉയർന്നു.

പല ആംഗിളുകളിൽ എടുത്ത ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച് ബോഡി ഷെയിം ചെയ്യുന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉയർന്നിരുന്നു. ഇതിനെത്തുടർന്നാണ് വിഷയത്തിൽ പ്രതികരണവുമായി നടി സോഷ്യൽ മീഡിയയിൽ എത്തിയത്.

ആറ്റുകാൽ പൊങ്കാലയിൽ ആദ്യമായി പൊങ്കാല അർപ്പിച്ചത് ഭക്തിനിർഭരമായ അനുഭവമായിരുന്നുവെന്ന് നടി പറഞ്ഞു. കൊടുംചൂടിനെ അവഗണിച്ച് അമ്മയുടെ നാമം ജപിച്ച് ശുദ്ധമായ ഭക്തിയോടെയാണ് ആ കർമ്മം പൂർത്തിയാക്കിയതെന്നും അവർ വ്യക്തമാക്കി.

എന്നാൽ അവിടെയുണ്ടായിരുന്ന മാധ്യമങ്ങളെയും മറ്റ് ആളുകളെയും പൂർണ്ണമായി വിശ്വസിച്ചിരിക്കെ ചില അനാവശ്യ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കപ്പെട്ടത് ഏറെ വേദനിപ്പിച്ചതായി നടി പറഞ്ഞു. അത് ആ പുണ്യനിമിഷങ്ങളുടെ പവിത്രതയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

തന്റെ സാരിയോ ഭാവങ്ങളോ പ്രവൃത്തികളോ ഏതെങ്കിലും ഭക്തരുടെ വികാരങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നുവെന്നും അത് ഒരിക്കലും തന്റെ ഉദ്ദേശ്യമല്ലായിരുന്നുവെന്നും നടി വ്യക്തമാക്കി. തന്റെ ചിരിയുടെ പിന്നിലെ പോരാട്ടങ്ങളും പ്രാർത്ഥനകളും ആറ്റുകാൽ അമ്മയ്ക്ക് അറിയാമെന്ന സത്യമാണ് തനിക്ക് ആശ്വാസമെന്നും അവർ പറഞ്ഞു.

എല്ലാം അമ്മയുടെ പാദങ്ങളിൽ സമർപ്പിച്ചുകൊണ്ട് എപ്പോഴും ആറ്റുകാൽ അമ്മയുടെ ഭക്തയായി തുടരുമെന്നും നടി കുറിച്ചു.

മറുപടി രേഖപ്പെടുത്തുക