വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ബിജെപിയിലേക്കുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും ഒഴുക്ക് തുടരുന്നു. ആലപ്പുഴയിൽ നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബും നിരവധി നേതാക്കളും ഇന്നലെ ബിജെപിയിൽ ചേർന്നു.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇവർ പാർട്ടി അംഗത്വം സ്വീകരിച്ചു. യൂത്ത് കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും സംസ്ഥാന തലത്തിൽ ഭാരവാഹിത്വം വഹിച്ചിരുന്ന പ്രമുഖ നേതാവാണ് എം.ജെ. ജോബ്.
മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ ഡയറക്ടറും എൻസിപി സംസ്ഥാന സെക്രട്ടറിയുമായ ബി. ജയകുമാർ, ചെന്നിത്തലയിലെ ജില്ലാ പഞ്ചായത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ആതിര അനിൽകുമാർ, ചിറ്റൂരിലെ കോൺഗ്രസ് സേവാദൾ ജില്ലാ ഉപാധ്യക്ഷൻ പ്രാണേഷ് ചന്ദ്രൻ, വിനേഷ് കുറുപ്പ്, പൊൽപ്പള്ളി പ്രകാശ്, സുനിൽ രാഘവപുരം, സേതു വേർക്കോലി, ശിവകുമാർ (തമ്പി) എന്നിവരും രാജീവ് ചന്ദ്രശേഖറിൽ നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചു. ചടങ്ങിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷും പങ്കെടുത്തു.
