ബിജെപി–സിപിഐഎം ഡീൽ എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഐ നേതാവ് ഡി രാജ വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടതുപക്ഷം ബിജെപിക്കെതിരെ നേർക്കുനേർ പോരാട്ടത്തിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എന്ത് അടിസ്ഥാനത്തിലാണ് കോൺഗ്രസ് കേരളത്തിൽ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് ചോദിച്ച ഡി. രാജ, തിരഞ്ഞെടുപ്പ് വിഷയങ്ങളാണ് ഇപ്പോൾ പ്രധാനമായി ചർച്ച ചെയ്യേണ്ടതെന്നും അഭിപ്രായപ്പെട്ടു. കേരളത്തിൽ ഇടതുമുന്നണിയുടെ തുടർഭരണം ഉറപ്പാണെന്നും, മുഖ്യമന്ത്രി ആരാവണമെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബിജെപി ഡീൽ ആരോപണത്തിന് പിന്നാലെ സിപിഐഎം–എസ്.ഡി.പി.ഐ ബന്ധവും തിരഞ്ഞെടുപ്പ് ചർച്ചകളിൽ ഇടം പിടിച്ചു. മങ്കട, വേങ്ങര മണ്ഡലങ്ങളിൽ നിന്ന് എസ് ഡി പി ഐ പിന്മാറിയതോടെ ഈ വിഷയത്തിൽ രാഷ്ട്രീയ വാദപ്രതിവാദങ്ങൾ ശക്തമായി. ആരോപണങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.
