സംസ്ഥാനത്ത് ഇത്തവണ ‘സർപ്രൈസ് റിസൾട്ട്’ ഉണ്ടാകും; ബിജെപിയുടെ ‘പുലികൾ’ നിയമസഭയിലെത്തും: സുരേഷ്‌ഗോപി

വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്നും ഇത്തവണ സംസ്ഥാനത്ത് ‘സർപ്രൈസ് ഫലം’ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ഐബി റിപ്പോർട്ടുകളും ഇതേ ദിശയിലാണ് സൂചന നൽകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. കടിച്ചുപറിക്കുന്ന പുലികളെപ്പോലെ ബിജെപി അംഗങ്ങൾ നിയമസഭയിലെത്തുമെന്നും, അത് ഭരണത്തിലുള്ളവർക്കു വലിയ വെല്ലുവിളിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“സ്വർണ്ണം കവർന്നവരോട് അത് തിരികെ കൊണ്ടുവന്ന് വയ്ക്കാൻ നേരിട്ട് പറയാൻ കഴിവുള്ളവർ നിയമസഭയിൽ ഉണ്ടാകും,” എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

രാജ്യം ഏക സിവിൽ കോഡിലേക്കാണ് നീങ്ങുന്നതെന്നും, എഫ്‌സിആർഎ (FCRA) നിയന്ത്രണങ്ങളെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവർക്ക് സംശയാസ്പദമായ ഇടപാടുകൾ ഉണ്ടാകാമെന്നുമാണ് അദ്ദേഹത്തിന്റെ വിമർശനം. കണക്കുകൾ സുതാര്യമായവർക്ക് ഭയപ്പെടേണ്ടതില്ലെന്നും, ബിനാമി ഇടപാടുകൾ ഇല്ലാത്തവർക്ക് ആശങ്ക വേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പാലയിൽ ഷോൺ ജോർജിന്റെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ, പാലായിലെ വോട്ടർമാർ ഷോൺ ജോർജിനെ പിന്തുണക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ബിജെപിയുടെ ശക്തമായ സാന്നിധ്യം കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് സുരേഷ് ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക