തൊഴിൽ സമരം ; നോയിഡയിലേക്കെത്തിയ സിപിഎം പ്രതിനിധി സംഘത്തെ തടഞ്ഞ് യുപി പൊലീസ്

തൊഴിൽ സമരം ശക്തമായി തുടരുന്ന നോയിഡയിലേക്ക് പോകുകയായിരുന്ന സിപിഐഎം പ്രതിനിധി സംഘത്തെ ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു. ഉത്തർപ്രദേശ് അതിർത്തിയിൽ വെച്ചാണ് എം.എ ബേബി, എ.എ റഹീം എംപി, വി. ശിവദാസൻ എംപി എന്നിവർ ഉൾപ്പെട്ട സംഘത്തെ പൊലീസ് തടഞ്ഞത്.

സമര സ്ഥലത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും പിന്തിരിയില്ലെന്ന നിലപാടിലായിരുന്നു നേതാക്കൾ. സമര കേന്ദ്രത്തിലേക്ക് പ്രവേശനം ലഭിക്കുംവരെ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്ന് എം.എ ബേബി അറിയിച്ചു. തുടർന്ന് സംഭവവികാസങ്ങൾക്കിടെ പൊലീസിന് നിലപാട് മാറ്റേണ്ടിവന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഉത്തർപ്രദേശ് പൊലീസ് നിയമവിരുദ്ധ നടപടികളാണ് കൈക്കൊള്ളുന്നതെന്ന് എം.എ ബേബി ആരോപിച്ചു. സമരത്തിനിടെ അറസ്റ്റിലായവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്നും, സിഐടിയു നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സമരത്തിൽ പങ്കെടുത്ത സ്ത്രീകളടക്കമുള്ള തൊഴിലാളികളെ പൊലീസ് ക്രൂരമായി മർദ്ദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മറുപടി രേഖപ്പെടുത്തുക