കോൺഗ്രസിനകത്ത് മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ മുൻ ഡിജിപി ടിപി സെൻകുമാർ പ്രതികരണവുമായി രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം കോൺഗ്രസ് നേതൃത്വത്തെയും രാഹുൽ ഗാന്ധിയെയും വിമർശിച്ചത്.
ദലിതർക്കും ഒബിസി വിഭാഗങ്ങൾക്കുമായി രാഹുൽ ഗാന്ധി ദിവസേന ശക്തമായ പ്രസംഗങ്ങൾ നടത്തുമ്പോഴും, അതേ സമീപനം സ്വന്തം പാർട്ടിക്കുള്ളിൽ നടപ്പിലാക്കുന്നില്ലേയെന്ന് സെൻകുമാർ ചോദിച്ചു. പാർട്ടിക്കുള്ളിൽ സമാനമായ പ്രതിനിധാനം ഉറപ്പാക്കേണ്ടതില്ലേയെന്നും അദ്ദേഹം വിമർശനാത്മകമായി ഉന്നയിച്ചു.
അതേസമയം, യുഡിഎഫ് വിജയിച്ചാൽ കോൺഗ്രസിലെ സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷ് തന്നെയായിരിക്കണം കേരളം നയിക്കേണ്ടതെന്നാണ് തന്റെ ആഗ്രഹമെന്നും സെൻകുമാർ പറഞ്ഞു.
സെൻകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
കൊടിക്കുന്നിൽ സുരേഷിനെ കേരള മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കാത്തത് എന്തുകൊണ്ടാണ്?
കോൺഗ്രസിലെ ഒരു സീനിയർ നേതാവാണ് അദ്ദേഹം. എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രി പദവിക്ക് അദ്ദേഹത്തെ അയോഗ്യനാക്കുന്ന കാരണങ്ങൾ എന്തൊക്കെയാണ്?
ദളിതർക്കും ഒബിസികൾക്കും വേണ്ടി ദിനംപ്രതി ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി, അതേ സമീപനം സ്വന്തം പാർട്ടിക്കുള്ളിൽ തന്നെ പ്രാവർത്തികമാക്കേണ്ടതില്ലേയെന്ന് ചോദ്യം ഉയരുന്നു.
യുഡിഎഫ് വിജയിച്ചാൽ കൊടിക്കുന്നിൽ സുരേഷ് തന്നെ കേരളം നയിക്കണമെന്നാണ് എന്റെ അഭിപ്രായം.
