2038 ഏഷ്യൻ ഗെയിംസ് ; ആതിഥേയത്വത്തിനായി താൽപ്പര്യം പ്രകടിപ്പിച്ച് ഇന്ത്യ

ഇന്ത്യ 2038-ലെ ഏഷ്യൻ ഗെയിംസ് ആതിഥേയത്വത്തിനായി താൽപ്പര്യം പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഏഷ്യൻ ഒളിമ്പിക് കൗൺസിൽ മുമ്പാകെ താൽപ്പര്യപത്രം സമർപ്പിച്ചു. ദക്ഷിണ കൊറിയയും ആതിഥേയത്വത്തിനായി ശ്രമം തുടരുന്നതായാണ് റിപ്പോർട്ടുകൾ.

അടുത്തിടെ ചൈനയിൽ നടന്ന ഏഷ്യൻ കൗൺസിൽ യോഗത്തിൽ ഇന്ത്യയുടെ താൽപ്പര്യം ചർച്ചയായിരുന്നു. അഹമ്മദാബാദ് മുഖ്യ വേദിയാക്കി 2030-ലെ കോമൺവെൽത്ത് ഗെയിംസ് സംഘടിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുന്ന സാഹചര്യത്തിലാണ്, അതിന് ശേഷം എട്ട് വർഷത്തിനകം ഏഷ്യൻ ഗെയിംസിനും വേദിയാകാൻ താൽപ്പര്യമറിയിച്ചിരിക്കുന്നത്.

അതേസമയം, 2036-ലെ ഒളിമ്പിക്‌സിനും ഇന്ത്യയിൽ വേദിയൊരുക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ശ്രമം ശക്തമാക്കുകയാണ്. 2026-ലെ ഏഷ്യൻ ഗെയിംസിന് ജപ്പാൻ ആതിഥ്യം വഹിക്കും. 2030-ൽ സൗദി അറേബ്യയിലും, 2034-ൽ ദോഹയിലും ഗെയിംസ് നടത്താൻ നേരത്തെ തന്നെ തീരുമാനമായിട്ടുണ്ട്.

ലോക കായിക മാമാങ്കങ്ങൾക്ക് ഇന്ത്യ വേദിയാകുന്ന സാഹചര്യം ഉണ്ടായാൽ സ്റ്റേഡിയങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കേണ്ടതുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

മറുപടി രേഖപ്പെടുത്തുക