ഇറാനിലെ ജനങ്ങൾ ഈ ദുഷ്‌കരമായ പരീക്ഷണ കാലഘട്ടത്തെ മറികടക്കും; ഇറാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ റഷ്യ എല്ലാം ചെയ്യും: പുടിൻ

മിഡിൽ ഈസ്റ്റിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ ആവർത്തിച്ച് റഷ്യ രംഗത്ത്. ഇതിന്റെ ഭാഗമായി ഇറാൻ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് അരഗ്ചി തിങ്കളാഴ്ച സെന്റ് പീറ്റേഴ്‌സ്ബർഗിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ സന്ദർശിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കൂടിക്കാഴ്ചയിൽ മേഖലയിലെ സമാധാനവും സുരക്ഷയും പ്രധാന വിഷയങ്ങളായി ചർച്ചയായി. “നിങ്ങളുടെ താൽപ്പര്യങ്ങളും മേഖലയിലെ എല്ലാ ജനങ്ങളുടെ താൽപ്പര്യങ്ങളും സംരക്ഷിക്കുന്ന വിധത്തിൽ സമാധാനം എത്രയും വേഗം എത്തിക്കാൻ ഞങ്ങൾ ശ്രമിക്കും,” എന്ന് പുടിൻ പറഞ്ഞു. ഇറാനിലെ ജനങ്ങൾ “ധൈര്യത്തോടെയും വീരോചിതമായും” തങ്ങളുടെ പരമാധികാരത്തിനായി പോരാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ പ്രതിസന്ധി മറികടന്ന് സമാധാനം കൈവരുമെന്ന് പ്രതീക്ഷയും പുടിൻ പ്രകടിപ്പിച്ചു.

ടെഹ്‌റാനുമായി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള മോസ്കോയുടെ സന്നദ്ധതയും അദ്ദേഹം വ്യക്തമാക്കി.

കൂടിക്കാഴ്ചയിൽ ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെയും പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെയും സന്ദേശങ്ങൾ അരഗ്ചി പുടിന് കൈമാറി. ഇറാൻ നേരിടുന്ന വെല്ലുവിളികളിൽ റഷ്യ നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. “യുഎസ് ആക്രമണത്തെ” ഇറാനിലെ ജനങ്ങൾ ധൈര്യത്തോടെ നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഇറാനും റഷ്യയും തമ്മിലുള്ള ബന്ധം ഉയർന്ന തലത്തിലുള്ള തന്ത്രപരമായ പങ്കാളിത്തമാണെന്നും അത് ഭാവിയിലും ശക്തമായി തുടരുമെന്നും അരഗ്ചി വ്യക്തമാക്കി.

സെന്റ് പീറ്റേഴ്‌സ്ബർഗിൽ എത്തിയ അദ്ദേഹത്തെ റഷ്യൻ ഉദ്യോഗസ്ഥരും റഷ്യയിലെ ഇറാൻ അംബാസഡർ കാസിം ജലാലിയും സ്വീകരിച്ചു. ഫെബ്രുവരി 28 മുതൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ ഇരുരാജ്യങ്ങളും അടുത്ത ഏകോപനത്തിലാണെന്നും, ഇതിനകം തന്നെ രണ്ട് രാഷ്ട്രാധ്യക്ഷന്മാർ മൂന്ന് തവണ ടെലിഫോൺ സംഭാഷണം നടത്തിയതായും റിപ്പോർട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക