കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ ബിജെപി നേതാവ് കെ. സുരേന്ദ്രൻ പ്രതികരണവുമായി രംഗത്തെത്തി . എക്സിറ്റ് പോളുകൾ എന്ത് പറഞ്ഞാലും അന്തിമ വോട്ടെണ്ണൽ ഫലം പുറത്തുവരുമ്പോൾ രാജ്യമൊട്ടാകെ “മോദിമയം” ആയിരിക്കുമെന്ന് അദ്ദേഹം പ്രവചിച്ചു.
അസം, പോണ്ടിച്ചേരി സംസ്ഥാനങ്ങളിൽ എൻ.ഡി.എ ഭരണം തുടരുമെന്നും അതും കൂടുതൽ ശക്തമായ വിജയം നേടിയാകും എന്നും സുരേന്ദ്രൻ പറഞ്ഞു. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പരാജയപ്പെടുത്തി എൻ.ഡി.എ അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തമിഴ്നാട്ടിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലും എൻ.ഡി.എയ്ക്ക് ഭരണനേതൃത്വം ലഭിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കേരളത്തിൽ എൻ.ഡി.എ മികച്ച മുന്നേറ്റം നടത്തുമെന്നും, രാജ്യത്തുടനീളം ബിജെപിക്ക് അനുകൂലമായ അന്തരീക്ഷമാണ് രൂപപ്പെടുന്നതെന്നും അദ്ദേഹം വിലയിരുത്തി.
