കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് അവകാശവാദവുമായി കൊടിക്കുന്നിൽ സുരേഷ്; മുഖ്യമന്ത്രിപ്രഖ്യാപനം ഉടനെന്ന് ചെന്നിത്തല

കേരളത്തിലെ മുഖ്യമന്ത്രിപ്രഖ്യാപനത്തോടൊപ്പം കെപിസിസി അധ്യക്ഷനെയും തീരുമാനിക്കുമെന്ന സൂചനകൾക്കിടെ, കൊടിക്കുന്നിൽ സുരേഷ് എംപി അവകാശവാദവുമായി രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷൻ ഖാര്ഗെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തന്റെ നിലപാട് വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഏകദേശം ഒരു മണിക്കൂർ നീണ്ട ചര്‍ച്ചയാണ് ഖാർഗെയുമായി നടത്തിയതെന്ന് കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി. മുതിർന്ന നേതാവെന്ന നിലയിൽ കെപിസിസി അധ്യക്ഷസ്ഥാനത്തിന് തനിക്ക് അർഹതയുണ്ടെന്ന് അറിയിച്ചതായും, അർഹത ഉണ്ടായിട്ടും പലതവണ തന്നെ മാറ്റിനിർത്തിയെന്ന പരാതിയും അദ്ദേഹം ഉന്നയിച്ചു.

സംവരണ മണ്ഡലങ്ങളിൽ കോൺഗ്രസ് നേടിയ വിജയങ്ങൾ ചൂണ്ടിക്കാട്ടിയാണ് തന്റെ അവകാശവാദം ശക്തിപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. മുഖ്യമന്ത്രിപ്രഖ്യാപനം വൈകിയിട്ടില്ലെന്നും, സമയമെടുക്കുന്നത് ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

“ഞങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ എല്ലാം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഇനി കൂടുതൽ ചര്‍ച്ചകളുടെ ആവശ്യമില്ല. ഘടകകക്ഷികളുമായുള്ള ചര്‍ച്ചകളും പൂര്‍ത്തിയായി. ഇനി തീരുമാനം മാത്രം വന്നാൽ മതി,” എന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

മറുപടി രേഖപ്പെടുത്തുക