തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് നടൻ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ ചടങ്ങിലെ പ്രധാന ആകർഷണമായി മാറിയത് നടി തൃഷയുടെ സാന്നിധ്യമായിരുന്നു. അക്വാ ബ്ലൂ സാരിയണിഞ്ഞ് എത്തിയ തൃഷയെ സദസ് വലിയ കൈയടികളോടെയാണ് സ്വീകരിച്ചത്. വിജയ്യുടെ അമ്മയും ബന്ധുക്കളും തൃഷയെ ഹൃദയപൂർവ്വം സ്വീകരിച്ച് സ്നേഹം പങ്കുവെച്ചതും ശ്രദ്ധേയമായി. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്തു.
അതേസമയം, വിജയ്യുടെ ഭാര്യയും മക്കളും ചടങ്ങിൽ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി. കുടുംബത്തിന്റെ അഭാവവും തൃഷയുടെ സാന്നിധ്യവും ചേർന്നാണ് സോഷ്യൽ മീഡിയയിൽ വിമർശനങ്ങളും അഭ്യൂഹങ്ങളും ഉയരാൻ കാരണം ആയത്. വിജയ്–സംഗീത ദാമ്പത്യബന്ധം തൃഷയുമായുള്ള ബന്ധത്തെ തുടർന്ന് പ്രതിസന്ധിയിലാണെന്ന തരത്തിലുള്ള പഴയ റിപ്പോർട്ടുകളും വീണ്ടും ചർച്ചയായി.
ഇതിന് പിന്നാലെ, ഉയർന്നുവരുന്ന ചർച്ചകൾക്ക് പരോക്ഷ മറുപടിയുമായി തൃഷ രംഗത്തെത്തി.
സത്യപ്രതിജ്ഞയ്ക്ക് ധരിച്ച അതേ സാരിയിലുള്ള തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, “പ്രണയം വിളിച്ച് പറയാനുള്ളതാണ്” എന്ന കുറിപ്പാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഈ പോസ്റ്റ് ആരാധകരും സിനിമാലോകവും ഏറ്റെടുത്തതോടെ കമന്റുകളിൽ വിജയ് വീണ്ടും പ്രധാന ചർച്ചാവിഷയമായി മാറി.
