മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം; ഡൽഹി നീക്കത്തിൽ സതീശൻ ക്യാമ്പിന് അതൃപ്തി

കോൺഗ്രസിലെ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ പാർട്ടിക്കുള്ളിലെ വിഭാഗീയതയും കൂടുതൽ രൂക്ഷമാകുന്നു. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരെയും മുൻ അധ്യക്ഷൻമാരെയും ഡൽഹിയിലേക്ക് വിളിപ്പിച്ച എഐസിസി നീക്കത്തിൽ വി ഡി സതീശൻ അനുകൂല ക്യാമ്പ് കടുത്ത അതൃപ്തി രേഖപ്പെടുത്തി.

കെ സി വേണുഗോപാലിനെ അനുകൂലിച്ച് ഗ്രൂപ്പ് പ്രവർത്തനം നടത്തിയ നേതാക്കളുമായി കൂടിയാലോചന നടത്തുന്നത് അപഹാസ്യമാണെന്നാണ് സതീശൻ പക്ഷത്തിന്റെ വിമർശനം. അതേസമയം, പാർട്ടി നേതൃത്വത്തിന്റെ വിലക്ക് മറികടന്ന് വി ഡി സതീശനെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്ന പ്രചാരണത്തിനെതിരെ കെ സി വേണുഗോപാൽ ക്യാമ്പും പരാതി ഉന്നയിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ഏഴാം ദിവസത്തിലേക്ക് കടന്നിട്ടും ഔദ്യോഗിക പ്രഖ്യാപനത്തിന് സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന വിവരം. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ നിലവിൽ ബെംഗളൂരുവിലായതിനാൽ അന്തിമ തീരുമാനം വൈകാനിടയുണ്ടെന്നാണ് സൂചന. സോണിയ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നിലപാടുകൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക