സ്വർണവിലയിൽ ചരിത്ര കുതിപ്പ്; പവന് 1.23 ലക്ഷം കടന്ന് റെക്കോർഡ്

കേരളത്തിൽ സ്വർണവിലയിൽ ഇതുവരെ കാണാത്ത തരത്തിലുള്ള വൻ വർധനവ് രേഖപ്പെടുത്തി. ഒറ്റയടിക്ക് പവന് 10,200 രൂപ ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,23,220 രൂപയായി റെക്കോർഡ് നിലവാരത്തിലെത്തി. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 1275 രൂപയുടെ വർധനവാണ് ഉണ്ടായത്. മെയ് 5ന് രേഖപ്പെടുത്തിയ 1,09,400 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില.

ദിവസങ്ങൾക്കുള്ളിൽ ഉണ്ടായ ഈ കുത്തനെ വർധനവ് ആഭരണ വിപണിയെയും ഉപഭോക്താക്കളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സ്വർണത്തിന് പിന്നാലെ വെള്ളിവിലയിലും വൻ ഉയർച്ചയാണ് ഉണ്ടായത്. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 320 രൂപയാണ് വിപണി വില.

ഇതിനിടെ, വിവാഹ ആവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം ജ്വല്ലറി ഓഹരികൾക്ക് തിരിച്ചടിയായി. ഓഹരി വിപണിയിൽ പ്രമുഖ ജ്വല്ലറി കമ്പനികളായ ടൈറ്റൻ, കല്യാൺ ജ്വല്ലേഴ്സ്, സെൻകോ ഗോൾഡ് എന്നിവയുടെ ഓഹരി മൂല്യത്തിൽ 6 മുതൽ 10 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. സ്വർണവില കുതിച്ചുയരുന്നതിനൊപ്പം വിപണിയിലെ ഈ അനിശ്ചിതത്വം നിക്ഷേപകരിലും സാധാരണക്കാരിലും ആശങ്ക വർധിപ്പിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക