തമിഴ്നാട്ടിൽ സ്ത്രീകൾക്ക് ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ‘വെട്രി പയനം’ പദ്ധതിക്ക് തുടക്കം; കണ്ടക്ടറായി വിജയ്

സ്ത്രീകൾക്കായുള്ള സൗജന്യ ബസ് യാത്രാ പദ്ധതി കൂടുതൽ സർവീസുകളിലേക്ക് വ്യാപിപ്പിച്ച് തമിഴ്നാട് സർക്കാർ. ഗാന്ധിജയന്തിയോടനുബന്ധിച്ച് ‘വെട്രി പയനം’ എന്ന പേരിലുള്ള വിപുലീകരിച്ച പദ്ധതിക്ക് ഇന്ന് തുടക്കമായി. ചെന്നൈ കോയമ്പേട് ബസ് ടെർമിനലിൽ നടന്ന ചടങ്ങിൽ സ്ത്രീ യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് കൈമാറിയാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

നിലവിൽ സാധാരണ സിറ്റി, ടൗൺ ബസുകളിൽ മാത്രമായിരുന്ന സൗജന്യ യാത്രാ സൗകര്യമാണ് കൂടുതൽ സർവീസുകളിലേക്ക് വ്യാപിപ്പിച്ചത്. ഇതോടെ മെട്രോപൊളിറ്റൻ, നഗര മേഖലകളിൽ സർവീസ് നടത്തുന്ന എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ് സർവീസ് (എൽഎസ്എസ്), ഡീലക്സ് ബസുകളിലും സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം.

40 കിലോമീറ്ററിലധികം ദൂരമുള്ള മലയോര മേഖലകളിൽ സർവീസ് നടത്തുന്ന മൊഫുസിൽ ഓർഡിനറി, ഓർഡിനറി ബസുകളിലും പദ്ധതി ബാധകമായിരിക്കും. ഇതോടെ സംസ്ഥാനത്തെ ഏഴ് സർക്കാർ ഗതാഗത കമ്പനികളുടെ 12,692 ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ലഭ്യമാകും. ആകെ ബസുകളുടെ 69 ശതമാനമാണിത്.

പ്രതിദിനം ഏകദേശം 84.32 ലക്ഷം സ്ത്രീകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. ജോലി, പഠനം, മറ്റ് ആവശ്യങ്ങൾ എന്നിവയ്ക്കായി യാത്ര ചെയ്യുന്ന സ്ത്രീകളുടെ യാത്രാച്ചെലവ് കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സൗജന്യ യാത്രയ്ക്ക് വരുമാന പരിധിയോ യാത്രാ പരിധിയോ ഏർപ്പെടുത്തിയിട്ടില്ല. സ്ത്രീകൾക്ക് പുറമെ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. എന്നാൽ സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (SETC) ബസുകളെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക