അടൂർ പ്രകാശിന്റെ വാക്കുകൾ തള്ളിക്കളയാനാകില്ല; കെപിസിസി എക്സിക്യൂട്ടീവ് വിളിക്കണമെന്ന് ജെബി മേത്തർ

അടൂർ പ്രകാശ് ഉന്നയിച്ച കാര്യങ്ങൾ തള്ളിക്കളയാനാകില്ലെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ. മുതിർന്ന കോൺഗ്രസ് നേതാവായ അടൂർ പ്രകാശ് തന്റെ അനുഭവമാണ് പങ്കുവച്ചതെന്നും അദ്ദേഹത്തിന് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും ജെബി മേത്തർ പറഞ്ഞു.

മാധ്യമങ്ങളിലൂടെയല്ല കാര്യങ്ങൾ അറിയേണ്ടതെന്ന അടൂർ പ്രകാശിന്റെ നിലപാടും അദ്ദേഹത്തിന്റെ അവകാശമാണെന്ന് ജെബി മേത്തർ വ്യക്തമാക്കി. അതേസമയം, കെപിസിസി എക്സിക്യൂട്ടീവ് യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കത്ത് നൽകിയതായും അവർ അറിയിച്ചു.

കഴിഞ്ഞ മൂന്ന് മാസമായി കെപിസിസി എക്സിക്യൂട്ടീവ് വിളിക്കണമെന്ന് മഹിളാ കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യം കെപിസിസി പ്രസിഡന്റിനെ നേരിട്ടും ഫോണിലൂടെയും ഇ-മെയിൽ വഴിയും കത്തിലൂടെയും അറിയിച്ചിട്ടുണ്ടെന്നും ജെബി മേത്തർ പറഞ്ഞു.

പാർട്ടിക്കുള്ളിൽ പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ തന്നെ പറയണമെന്ന നിലപാടിന്റെ ഭാഗമായാണ് കത്ത് നൽകിയതെന്നും അവർ വ്യക്തമാക്കി. ഉൾപ്പാർട്ടി ജനാധിപത്യത്തിൽ വിശ്വസിക്കുന്ന അച്ചടക്കമുള്ള പ്രവർത്തക എന്ന നിലയിലാണ് വിഷയങ്ങൾ പാർട്ടി ഫോറത്തിൽ ഉന്നയിക്കുന്നതെന്നും ജെബി മേത്തർ പറഞ്ഞു.

ബോർഡ്-കോർപ്പറേഷൻ പ്രധാന പദവികളിലേക്ക് താൽപര്യമില്ലാത്തവരെ പരിഗണിക്കുന്നുവെന്ന പരാതിയും മഹിളാ കോൺഗ്രസിനുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക