തുർക്ക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ വഴി ഇന്ത്യ; റെയിൽ ഇടനാഴി വികസിപ്പിക്കാൻ റഷ്യ

ഇന്ത്യൻ മഹാസമുദ്രത്തിലേക്കും ഇന്ത്യയിലേക്കും കരമാർഗ പ്രവേശനം ഉറപ്പാക്കുന്ന പുതിയ റെയിൽ ഇടനാഴി വികസിപ്പിക്കാനുള്ള സാധ്യത റഷ്യ പരിശോധിക്കുന്നതായി റഷ്യൻ ഉപപ്രധാനമന്ത്രി മറാട്ട് ഖുസ്നുലിൻ. പ്രധാന സമുദ്ര ഗതാഗത പാതകളായ ഹോർമുസ് കടലിടുക്കിനെയും ബോസ്ഫറസിനെയും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ തേടുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി.

റഷ്യൻ വാർത്താ ഏജൻസിയായ ടാസിന് നൽകിയ അഭിമുഖത്തിലാണ് ഖുസ്നുലിൻ ഇക്കാര്യം അറിയിച്ചത്. റഷ്യയിൽ നിന്ന് ആരംഭിച്ച് തുർക്ക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ എന്നിവ വഴി ഇന്ത്യയിലെത്തുന്ന റെയിൽ ഇടനാഴിയാണ് പ്രാഥമികമായി പരിഗണിക്കുന്നത്. ഇന്ത്യയിലേക്ക് പ്രവേശനം സാധ്യമാക്കുന്ന ഏതൊരു റൂട്ടും റഷ്യ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പദ്ധതി ഇപ്പോഴും പ്രാരംഭ പഠന ഘട്ടത്തിലാണെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കി. റഷ്യയെയും ഇന്ത്യയെയും ബന്ധിപ്പിക്കുന്ന അന്തിമ റെയിൽപാത, യാത്രാ സർവീസ്, സമയക്രമം, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ തീരുമാനമായിട്ടില്ല.

ഹോർമുസ് കടലിടുക്ക് വഴി ആഗോള എണ്ണ വ്യാപാരത്തിന്റെ ഏകദേശം 25 ശതമാനവും ദ്രവീകൃത പ്രകൃതി വാതക കയറ്റുമതിയുടെ 20 ശതമാനവും കടന്നുപോകുന്ന സാഹചര്യത്തിൽ, ഇത്തരം സമുദ്ര പാതകളെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടത് തന്ത്രപ്രധാനമാണെന്ന് ഖുസ്നുലിൻ ചൂണ്ടിക്കാട്ടി.

പുതിയ കരഗതാഗത ഇടനാഴി യാഥാർഥ്യമായാൽ, സമുദ്ര ഗതാഗതത്തെ മാത്രം ആശ്രയിക്കാതെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് ചരക്കുനീക്കം നടത്താൻ റഷ്യയ്ക്ക് പുതിയ അവസരമൊരുങ്ങും. കൂടാതെ മധ്യേഷ്യ, ദക്ഷിണേഷ്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ വ്യാപാര-ഗതാഗത ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടാനും ഇത് സഹായകമാകും.

ഇന്ത്യയ്ക്കും ഈ പദ്ധതി പുതിയ വ്യാപാര, ഗതാഗത സാധ്യതകൾ തുറക്കുമെന്നാണ് വിലയിരുത്തൽ. റഷ്യയുമായും മധ്യേഷ്യൻ രാജ്യങ്ങളുമായും നേരിട്ടുള്ള കരമാർഗ ബന്ധം സ്ഥാപിക്കപ്പെടുകയാണെങ്കിൽ വ്യാപാരത്തിനും വിനോദസഞ്ചാരത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കപ്പെടും.

എന്നാൽ നിരവധി രാജ്യങ്ങളിലൂടെ കടന്നുപോകുന്ന പദ്ധതിയായതിനാൽ അടിസ്ഥാന സൗകര്യ വികസനം, സുരക്ഷാ ക്രമീകരണങ്ങൾ, അതിർത്തി കടന്നുള്ള ഗതാഗത ഏകോപനം എന്നിവ ഉൾപ്പെടെയുള്ള നിരവധി വെല്ലുവിളികൾ മറികടക്കേണ്ടതുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക