തന്നെ “അവതാരം” എന്ന് വിളിച്ച് അധിക്ഷേപിച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻക്ക് മറുപടിയുമായി നടി റിനി ആൻ ജോർജ്. ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരമാണ് താനെന്ന് റിനി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
വി ഡി സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വിഐപിയായി എത്തിയ റിനിയെ പരാമർശിച്ചായിരുന്നു വിജിൽ മോഹന്റെ വിമർശനം. “ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണം. സ്വപ്നയും സരിതയും കയറിയതിന്റെ ഫലം രണ്ട് മുൻ മുഖ്യമന്ത്രിമാർ അനുഭവിച്ചതാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഇതിന് മറുപടിയായി റിനി സോഷ്യൽ മീഡിയയിൽ കുറിച്ചത്, “ഒരു പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ പോലെയുള്ള പാവനമായ ചടങ്ങിൽ ഒരു പെൺകുട്ടിയെ വളഞ്ഞിട്ട് കൂവിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും പലർക്കും രക്തം തിളച്ചില്ല. എന്നാൽ രേവന്ത് റെഡ്ഡിയുമായി ഒരു ഫോട്ടോ എടുത്തത് കണ്ടപ്പോൾ രക്തം തിളയ്ക്കുന്നതറിഞ്ഞതിൽ സന്തോഷമുണ്ട്,” എന്നായിരുന്നു.
“എന്നെ അവതാരം എന്ന് വിളിച്ച് കളിയാക്കുന്നവർക്ക് പറയാനുള്ളത്, അതെ ഞാൻ അവതാരം തന്നെയാണ് — ദുഷ്ടശക്തികളെ നിഗ്രഹിക്കാൻ നിയോഗിക്കപ്പെട്ട അവതാരം,” എന്നും റിനി കുറിച്ചു.
