ആഗോള AI സഖ്യവുമായി റഷ്യ; പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് പുടിൻ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്മേഖലയിൽ അന്താരാഷ്ട്ര സഹകരണം കൂടുതൽ ശക്തമാക്കാനുള്ള വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. AI സംവിധാനങ്ങളും സംയുക്ത കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചറും വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ള പുതിയ ആഗോള സംരംഭത്തിന് അദ്ദേഹം തുടക്കം കുറിച്ചു. കസാക്കിസ്ഥാനിലെ അസ്താനയിൽ നടന്ന യുറേഷ്യൻ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്ര, അക്കാദമിക്, ബിസിനസ് സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന ഒരു ‘AI സഖ്യം’ രൂപീകരിക്കാൻ റഷ്യ ഇതിനകം മുൻകൈ എടുത്തിട്ടുണ്ടെന്ന് പുടിൻ വ്യക്തമാക്കി. ഇതിന്റെ തുടർച്ചയായി അടുത്ത വർഷം റഷ്യയിൽ വെച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് ഒരു ഉന്നതതല അന്താരാഷ്ട്ര സമ്മേളനം നടത്താനും അദ്ദേഹം നിർദ്ദേശിച്ചു.

സ്വതന്ത്രമായ പരമാധികാര AI മോഡലുകൾ വികസിപ്പിക്കുക, പരസ്പരം ബന്ധിപ്പിച്ച കമ്പ്യൂട്ടിംഗ്-ഊർജ്ജ ശൃംഖലകൾ സൃഷ്ടിക്കുക, പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് സാങ്കേതികവിദ്യ രൂപപ്പെടുത്തുക എന്നിവയിലായിരിക്കും പുതിയ ആഗോള സഖ്യം ശ്രദ്ധ കേന്ദ്രീകരിക്കുക.

ആഗോള മത്സരശേഷി, സാമ്പത്തിക വളർച്ച, പുരോഗതി എന്നിവ ഉറപ്പാക്കുന്നതിൽ AI ഒരു നിർണായക ഘടകമായി മാറിയിരിക്കുകയാണെന്നും രാജ്യങ്ങളും വൻകിട കമ്പനികളും ഈ മേഖലയിൽ ആധിപത്യത്തിനായി മത്സരിക്കുകയാണെന്നും പുടിൻ ചൂണ്ടിക്കാട്ടി.

ശാസ്ത്രീയ വൈദഗ്ദ്ധ്യം, ശക്തമായ വിദ്യാഭ്യാസ സമ്പ്രദായം, വൻകിട ഡാറ്റാ സെന്ററുകൾക്കും കമ്പ്യൂട്ടിംഗ് സംവിധാനങ്ങൾക്കും ആവശ്യമായ സമൃദ്ധമായ ഊർജ്ജ സ്രോതസ്സുകൾ എന്നിവ റഷ്യയ്ക്കുണ്ടെന്ന് പുടിൻ അവകാശപ്പെട്ടു. AI സാങ്കേതികവിദ്യയുടെ വികസനത്തിന് വൻതോതിൽ ഊർജ്ജ ഉപഭോഗം ആവശ്യമാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, റഷ്യയുടെ ആണവ ഉൽപാദന ശേഷിയും ജലവൈദ്യുത-പരമ്പരാഗത ഊർജ്ജ സ്രോതസ്സുകളും ഇതിന് തുണയാകുമെന്നും കൂട്ടിച്ചേർത്തു.

സ്വന്തമായി AI സംവിധാനങ്ങൾ വികസിപ്പിക്കാനും വലിയ പ്രോജക്ടുകൾക്ക് പണം മുടക്കാനും ശേഷിയുള്ള ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. എങ്കിലും, വിഭവങ്ങളും വൈദഗ്ധ്യവും ഒന്നിച്ച് ചേർത്തുള്ള ആഗോള സഹകരണം കൂടുതൽ സാങ്കേതിക-സാമ്പത്തിക നേട്ടങ്ങൾ നൽകുമെന്നാണ് റഷ്യയുടെ വിലയിരുത്തൽ.

AI സാങ്കേതികവിദ്യയുടെ വളർച്ച തൊഴിൽ വിപണിയെ വൻതോതിൽ പുനർനിർമ്മിക്കുമെന്ന നിർണ്ണായക മുന്നറിയിപ്പും റഷ്യൻ പ്രസിഡന്റ് നൽകി. ഓട്ടോമേഷൻ സംവിധാനങ്ങൾ വ്യാപകമാകുന്നതോടെ മനുഷ്യ തൊഴിലാളികൾക്ക് വലിയ തോതിൽ തൊഴിൽ നഷ്ടപ്പെടാനോ അല്ലെങ്കിൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് മറ്റ് തൊഴിലുകളിലേക്ക് മാറേണ്ടി വരികയോ ചെയ്യുന്ന സാഹചര്യം ഉണ്ടാകുമെന്നും പുടിൻ കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക