എഥനോൾ മിശ്രിത പെട്രോളിന് നികുതി ഇളവ്; രാജ്യത്ത് ഇന്ധനവില കുറയാൻ സാധ്യത

എഥനോൾ മിശ്രിത പെട്രോളുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ വൻ നികുതി ഇളവ് പ്രഖ്യാപിച്ചു. 22 മുതൽ 30 ശതമാനം വരെ എഥനോൾ അടങ്ങിയ പെട്രോൾ വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന എക്സൈസ് നികുതി പൂർണമായും ഒഴിവാക്കാനാണ് തീരുമാനം.

ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ ബദൽ ഇന്ധനങ്ങളുടെ ഉപയോഗം വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രത്തിന്റെ നടപടി. ഇ22, ഇ25, ഇ27, ഇ30 എന്നീ വിഭാഗങ്ങളിലെ എഥനോൾ മിശ്രിത പെട്രോളുകൾക്കാണ് നികുതി ഇളവിന്റെ ആനുകൂല്യം ലഭിക്കുക.

ഇന്ധനത്തിലെ എഥനോളിന്റെ അളവിനെ അടിസ്ഥാനമാക്കിയാണ് ഈ വിഭാഗങ്ങൾ തരംതിരിച്ചിരിക്കുന്നത്. ഇ22 ഇന്ധനത്തിൽ 78 ശതമാനം പെട്രോളും 22 ശതമാനം എഥനോളുമാണ് ഉള്ളത്. അതുപോലെ, ഇ25ൽ 25 ശതമാനവും, ഇ27ൽ 27 ശതമാനവും, ഇ30ൽ 30 ശതമാനവും എഥനോൾ അടങ്ങിയിരിക്കും.

നികുതി ഇളവ് പ്രാബല്യത്തിൽ വരുന്നതോടെ എഥനോൾ മിശ്രിത ഇന്ധനങ്ങളുടെ വില കുറയാനും വിപണിയിൽ ഇവയുടെ ഉപയോഗം കൂടുതൽ വ്യാപിക്കാനുമാണ് സാധ്യത.

മറുപടി രേഖപ്പെടുത്തുക