പത്തനംതിട്ടയിൽ 13 വയസുകാരിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തിൽ സഹപാഠികളായ എട്ട് പ്രായപൂർത്തിയാകാത്തവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികളിൽ ആറുപേരെ ഇതിനോടകം തിരിച്ചറിഞ്ഞതായി അന്വേഷണസംഘം അറിയിച്ചു.
സ്കൂളിൽ നടത്തിയ കൗൺസിലിംഗ് സെഷനിലായിരുന്നു വിദ്യാർത്ഥിനി പീഡന വിവരം പുറത്തുപറഞ്ഞത്. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടൽ പൊലീസ് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സ്കൂളിന് സമീപത്തും പിന്നീട് പ്രതികളിലൊരാളായ പെൺകുട്ടിയുടെ വീട്ടിലും വെച്ചാണ് പീഡനം നടന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിലെ പ്രതികൾ എല്ലാവരും പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികളാണെന്നും പൊലീസ് വ്യക്തമാക്കി.
പ്രതികളിൽ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലവും പങ്കെടുത്തവരുടെ പങ്കും ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ബാലനീതി നിയമത്തിന്റെയും പോക്സോ നിയമത്തിന്റെയും വ്യവസ്ഥകൾ പ്രകാരമാണ് അന്വേഷണം പുരോഗമിക്കുന്നത്.
