മൂന്നാറിൽ ഭൂമി വിള്ളൽ; മണ്ണിടിച്ചിൽ ഭീഷണി, ഗതാഗത നിയന്ത്രണം

മൂന്നാർ ടൗണിലെ സി.എസ്.ഐ പള്ളിക്ക് സമീപം ഭൂമിയിൽ വലിയ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി ഉയർന്നു. കൊച്ചി–ധനുഷ്കോടി ദേശീയപാത വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളാകാം ഇതിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കനത്ത മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

അപകടസാധ്യത കണക്കിലെടുത്ത് ഈ ഭാഗത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. മൂന്നാർ ടൗണിലേക്കുള്ള വാഹനങ്ങൾ ദേവികുളം റോഡ് വഴി തിരിച്ചുവിടുന്നതിനാൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

വിള്ളൽ രൂപപ്പെട്ട പ്രദേശത്ത് ജനവാസമോ കെട്ടിടങ്ങളോ ഇല്ലാത്തതിനാൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമില്ല. സംഭവസ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും വിദഗ്ധ സംഘവും പരിശോധന നടത്തി സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക