മുല്ലപ്പെരിയാറിൽ പുതിയ ഡാം മാത്രമാണ് പരിഹാരം; തമിഴ്നാടിനെ ഔദ്യോഗികമായി വിയോജിപ്പ് അറിയിക്കും: മോൻസ് ജോസഫ്

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരള സർക്കാർ. ദേശീയ താത്പര്യങ്ങൾക്കുപോലും യോജിക്കാത്ത പ്രഖ്യാപനമാണിതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി.

വിഷയത്തിൽ കേരളത്തിന്റെ ശക്തമായ വിയോജിപ്പ് തമിഴ്നാട് സർക്കാരിനെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ജലവിഭവ വകുപ്പും ഇറിഗേഷൻ വകുപ്പും അടിയന്തര ചർച്ചകൾ നടത്തിയതായും മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തിയതായും മന്ത്രി അറിയിച്ചു.

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയർത്താൻ ഒരുകാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് കേരളമെന്ന് മന്ത്രി ആവർത്തിച്ചു. സുപ്രീംകോടതി നിർദേശിച്ച സുരക്ഷാ നടപടികൾ പോലും പൂർണമായി നടപ്പാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ ജലനിരപ്പ് വർധിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള ജനതയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്നതാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, “തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും” എന്ന സമീപനമാണ് സർക്കാർ പിന്തുടരുന്നതെന്നും വ്യക്തമാക്കി.

വിഷയത്തിൽ തമിഴ്നാട് സർക്കാരുമായി കൂടിയാലോചന നടത്താനുള്ള സാധ്യതയും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി നിശ്ചയിച്ച 142 അടി ജലനിരപ്പിന് മുകളിലേക്ക് പോകാൻ ആർക്കും അവകാശമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക