സോനം വാങ്ചുക് പിന്തുണയ്ക്കുന്ന സമരം യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് വഴിതെറ്റുന്നു ; വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്ന് ദേവോലീന ഭട്ടാചാര്യ

കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ പിന്തുണയോടെ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി ടെലിവിഷൻ നടി ദേവോലീന ഭട്ടാചാര്യ. പ്രസ്ഥാനം അതിന്റെ യഥാർത്ഥ ലക്ഷ്യത്തിൽ നിന്ന് വഴിതെറ്റുന്നതായി തോന്നുന്നുവെന്നും വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും അവർ സോഷ്യൽ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു.

യുവാക്കൾ ഭാവിയിൽ പാർലമെന്റിൽ ഇരുന്ന് തീരുമാനങ്ങൾ എടുക്കുമെന്നും നിലവിലെ രാഷ്ട്രീയ സംവിധാനത്തെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെട്ട ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് ദേവോലീനയുടെ പ്രതികരണം. സമരത്തിന്റെ പ്രധാന ലക്ഷ്യത്തിൽ നിന്ന് ശ്രദ്ധ മാറുകയാണെങ്കിൽ അത് സോനം വാങ്ചുക്കിന്റെ നിരാഹാര സമരത്തിന്റെ ഉദ്ദേശ്യത്തെ തന്നെ ദുർബലപ്പെടുത്തുമെന്ന ആശങ്കയും അവർ പ്രകടിപ്പിച്ചു.

“സോനം വാങ്ചുക്കിന്റെ ലക്ഷ്യങ്ങൾക്ക് എന്റെ പൂർണ പിന്തുണയുണ്ട്. എന്നാൽ പ്രസ്ഥാനത്തിന് ശ്രദ്ധ നഷ്ടപ്പെടുന്നതായി തോന്നുന്നു. വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നത് സമരത്തിന്റെ അടിസ്ഥാന ലക്ഷ്യത്തെ ബാധിക്കുകയും പൊതുജന പിന്തുണ കുറയാൻ ഇടയാക്കുകയും ചെയ്യും,” എന്നാണ് ദേവോലീന കുറിപ്പിൽ വ്യക്തമാക്കിയത്.

വിദ്യാർത്ഥികളെ വികാരപരമായി സ്വാധീനിച്ച് മറ്റൊരു അജണ്ട മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ ഉണ്ടാകാമെന്ന ആശങ്കയും അവർ പങ്കുവച്ചു. പ്രതിഷേധങ്ങളിൽ പങ്കെടുക്കുമ്പോൾ ഭാവിയെക്കുറിച്ച് ചിന്തിക്കണമെന്നും ഒരു എഫ്‌ഐ‌ആർ പോലും തൊഴിൽ, പഠനം, കരിയർ തുടങ്ങിയ മേഖലകളിൽ ദീർഘകാല പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി.

“വിദ്യാർത്ഥികൾ അവരുടെ ഭാവി അപകടത്തിലാക്കുന്ന തീരുമാനങ്ങളിൽ ഏർപ്പെടരുത്. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നവർ മുന്നോട്ട് പോകും. എന്നാൽ പഠനത്തിനും ഭാവിക്കും വേണ്ടി പോരാടുന്ന വിദ്യാർത്ഥികൾക്ക് നഷ്ടപ്പെടാനുള്ളത് വളരെ കൂടുതലാണ്,” എന്നും അവർ പറഞ്ഞു.

അതേസമയം, ജനങ്ങളുടെ യഥാർഥ ആശങ്കകൾ കേട്ട് പരിഹരിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ദേവോലീന അഭിപ്രായപ്പെട്ടു. “സർക്കാർ ജനങ്ങളുടെ സേവകരാണെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അടിസ്ഥാന കടമയാണെന്നും മറക്കരുത്,” എന്നായിരുന്നു അവരുടെ പ്രതികരണം.

സോനം വാങ്ചുക്കിന്റെ സമരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ദേവോലീന ഭട്ടാചാര്യ നേരത്തെയും സാമൂഹിക മാധ്യമങ്ങളിലൂടെ വിശദമായ പ്രതികരണങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക