ഡോ. റാമിന് ജാമ്യം ലഭിച്ചതിൽ ആഭ്യന്തരവകുപ്പിന് അതൃപ്തി; റിപ്പോർട്ട് തേടി രമേശ് ചെന്നിത്തല

കണ്ണൂർ അഞ്ചരക്കണ്ടിയിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഡോ. റാമിന് ജാമ്യം ലഭിച്ചതിനെ തുടർന്ന് ആഭ്യന്തരവകുപ്പ് വിശദീകരണം തേടി. സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടതോടൊപ്പം ക്രൈംബ്രാഞ്ച് മേധാവിയോടും വിശദീകരണം തേടാൻ തീരുമാനിച്ചു.

പൊലീസിന്റെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ലെന്നാണ് ആഭ്യന്തരമന്ത്രി പ്രതികരിച്ചത്. അതേസമയം, നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്ന് നിതിൻ രാജിന്റെ കുടുംബം അറിയിച്ച സാഹചര്യത്തിൽ സംഭവവികാസങ്ങൾ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അജിത ബീഗത്തിന്റെ നേതൃത്വത്തിലായിരിക്കും തുടർ അന്വേഷണം നടക്കുകയെന്നും മന്ത്രി അറിയിച്ചു.

ഇതിനിടെ, പ്രതിയും അന്വേഷണ സംഘവും തമ്മിൽ ഒത്തുകളി നടന്നുവെന്നാണ് നിതിൻ രാജിന്റെ കുടുംബത്തിന്റെ ആരോപണം. ഇതുകൊണ്ടാണ് ഡോ. റാമിന് ജാമ്യം ലഭിച്ചതെന്നും നിതിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റുമായി ബന്ധപ്പെട്ട നിയമനടപടികളും മാനദണ്ഡങ്ങളും പാലിക്കാതെയാണെന്ന് കണ്ടെത്തിയാണ് കോടതി ഡോ. റാമിനെ വിട്ടയച്ചത്. എന്നാൽ കോടതി ഉത്തരവിന് പിന്നാലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വീണ്ടും അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തു. കോടതി വളപ്പിൽ നിന്ന് ബലപ്രയോഗത്തിലൂടെയാണ് റാമിനെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടുകൾ.

ക്രൈംബ്രാഞ്ചിന്റെ നടപടി നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം ആരോപിച്ചു. അറസ്റ്റിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ എം. കിഷോർ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

മറുപടി രേഖപ്പെടുത്തുക