യുഡിഎഫ് ഭരിച്ചിരുന്ന പാലാ നഗരസഭയിൽ ഭരണമാറ്റത്തിന് വഴിയൊരുങ്ങി. നഗരസഭ അധ്യക്ഷ ദിയ ബിനുവിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം 17 വോട്ടിന് പാസായതോടെ യുഡിഎഫിന് നഗരസഭയുടെ ഭരണം നഷ്ടമായി.
എൽഡിഎഫിന്റെ 12 അംഗങ്ങൾക്ക് പുറമെ കോൺഗ്രസിലെ നാല് കൗൺസിലർമാരും ഉപാധ്യക്ഷ മായാ രാഹുലും അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു. കോൺഗ്രസ് അംഗങ്ങളായ ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ, രജിത പ്രകാശ് എന്നിവരാണ് പാർട്ടി വിപ്പ് ലംഘിച്ച് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്.
പാലായുടെ താൽപര്യമാണ് തങ്ങളുടെ നിലപാടിന് പിന്നിലെന്നാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ച കോൺഗ്രസ് അംഗങ്ങളുടെ പ്രതികരണം. സ്വതന്ത്രയായി വിജയിച്ച് പിന്നീട് യുഡിഎഫിനെ പിന്തുണച്ച ഉപാധ്യക്ഷ മായാ രാഹുലും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു.
ദിയ ബിനു ഉൾപ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി കോൺഗ്രസ് കൗൺസിലർമാരും മായാ രാഹുലും അകന്നതോടെയാണ് ഭരണപക്ഷത്തിനുള്ളിൽ ഭിന്നത രൂക്ഷമായത്. ഈ സാഹചര്യമാണ് ഇടതുപക്ഷം രാഷ്ട്രീയമായി മുതലെടുത്ത് അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കാരണമായത്.
26 അംഗങ്ങളുള്ള പാലാ നഗരസഭയിൽ അവിശ്വാസ പ്രമേയം പാസാകാൻ 14 വോട്ടുകളായിരുന്നു വേണ്ടിയിരുന്നത്. എൽഡിഎഫിന് 12 അംഗങ്ങളും യുഡിഎഫിന് 14 അംഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. കോൺഗ്രസ്, കേരള കോൺഗ്രസ്, സ്വതന്ത്ര അംഗങ്ങൾ എന്നിവരുടെ പിന്തുണയോടെയായിരുന്നു യുഡിഎഫ് ഭരണസമിതി രൂപീകരിച്ചിരുന്നത്. എന്നാൽ ഭരണപക്ഷത്തിനുള്ളിലെ ഭിന്നത ഒടുവിൽ നഗരസഭയുടെ ഭരണം നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തിച്ചു.
