ഡൽഹിയിൽ സിജെപി പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടത്തിയ നടപടിയെ വിമർശിച്ച് നടൻ മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പ്രതിഷേധം നേരിട്ട രീതിക്കെതിരെ വിസ്മയ പ്രതികരിച്ചത്.
പ്രതിഷേധക്കാരുടെ എല്ലാ ആവശ്യങ്ങളോടും യോജിക്കണമെന്നോ അവരെ പൂർണമായി പിന്തുണയ്ക്കണമെന്നോ ഇല്ലെങ്കിലും, സ്വന്തം പൗരന്മാർ ന്യായമായ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ സംവാദത്തിന് പകരം ബലപ്രയോഗമാണ് സർക്കാർ തിരഞ്ഞെടുക്കുന്നതെങ്കിൽ അത് ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണെന്ന് വിസ്മയ അഭിപ്രായപ്പെട്ടു.
“നമ്മുടെ ജനാധിപത്യം ഏത് ദിശയിലേക്കാണ് നീങ്ങുന്നത്?” എന്ന ചോദ്യവും അവർ ഉയർത്തി. ഇന്ന് പ്രതിഷേധിക്കുന്നവർ മറ്റാരെങ്കിലും ആയിരിക്കാം, എന്നാൽ നാളെ കേൾക്കപ്പെടാൻ ശ്രമിക്കുന്നത് നിങ്ങളോ നിങ്ങളുടെ നഗരമോ നിങ്ങളുടെ കുടുംബമോ ആയിരിക്കാമെന്നും വിസ്മയ ഓർമ്മിപ്പിച്ചു.
“എല്ലാവരോടുമുള്ള എന്റെ ചോദ്യം വളരെ ലളിതമാണ്. സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ശരിക്കും ഇങ്ങനെയാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?” എന്ന ചോദ്യത്തോടെയാണ് വിസ്മയ മോഹൻലാൽ തന്റെ ഇൻസ്റ്റഗ്രാം കുറിപ്പ് അവസാനിപ്പിച്ചത്.
