ഇന്ത്യൻ ക്രിക്കറ്റിൽ പുതിയ നിയമങ്ങൾ; ഇനി മുതൽ മനഃപൂർവം നോ-ബോൾ എറിഞ്ഞാൽ മത്സരത്തിൽ നിന്ന് പുറത്താകും

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും കളിയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനുമായി ബിസിസിഐ നിരവധി നിർണായക നിയമഭേദഗതികൾ പ്രഖ്യാപിച്ചു. 2026-27 ആഭ്യന്തര സീസൺ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങൾ അടുത്ത മാസം ആരംഭിക്കുന്ന ദുലീപ് ട്രോഫിയിലൂടെയാണ് നടപ്പിലാക്കുക.

ലോർഡ്സിലെ മേരിലബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി) നിർദേശിച്ച പുതുക്കിയ നിയമങ്ങൾ അംഗീകരിച്ചതിന് പിന്നാലെയാണ് ബിസിസിഐ നടപടികൾ സ്വീകരിച്ചത്. ഇതുസംബന്ധിച്ച വിശദാംശങ്ങൾ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് കൈമാറിയിട്ടുണ്ട്.

ഏറ്റവും ശ്രദ്ധേയമായ മാറ്റം മനഃപൂർവം നോ-ബോൾ എറിയുന്ന ബൗളർമാർക്കെതിരെയുള്ള നടപടിയിലാണ്. ഫ്രണ്ട്-ഫൂട്ട് നോ-ബോൾ മനഃപൂർവം എറിഞ്ഞതായോ പന്ത് ഉദ്ദേശ്യപൂർവം പിച്ചിൽ പതിപ്പിച്ചതായോ അമ്പയർമാർ കണ്ടെത്തിയാൽ, ആ ബൗളറെ ഇന്നിങ്‌സിൽ നിന്ന് മാത്രമല്ല, മുഴുവൻ മത്സരത്തിൽ നിന്നും സസ്‌പെൻഡ് ചെയ്യും. ഇതുവരെ ഇന്നിങ്‌സിൽ മാത്രം ബൗളിങ് വിലക്കിയിരുന്ന സംവിധാനമാണ് നിലവിലുണ്ടായിരുന്നത്.

റെഡ്-ബോൾ മത്സരങ്ങളിൽ അവസാന ഇന്നിങ്‌സ് ഡിക്ലയർ ചെയ്യാനോ ഫോർഫീറ്റ് ചെയ്യാനോ ടീമുകൾക്ക് ഇനി അനുമതിയുണ്ടാകില്ല. മത്സരഫലത്തെ കൃത്രിമമായി സ്വാധീനിക്കാനുള്ള സാധ്യതകൾ ഒഴിവാക്കാനാണ് ഈ തീരുമാനം.

മത്സരദിനത്തിന്റെ അവസാന ഓവറുമായി ബന്ധപ്പെട്ടും മാറ്റം വരുത്തിയിട്ടുണ്ട്. അവസാന ഓവറിനിടെ വിക്കറ്റ് വീണാൽ ഉടൻ സ്റ്റംപ്സ് പ്രഖ്യാപിക്കുന്ന പതിവ് ഇനി ഉണ്ടാകില്ല. പുതിയ നിയമപ്രകാരം ഓവർ പൂർത്തിയാക്കിയ ശേഷമേ കളി അവസാനിപ്പിക്കൂ.

ഇതിന് പുറമെ, ആഭ്യന്തര ഏകദിന മത്സരങ്ങളിൽ ഡ്രിങ്ക്സ് ബ്രേക്കിനിടെ ഹെഡ് കോച്ചുമാർക്ക് മൈതാനത്തിറങ്ങി താരങ്ങളുമായി ആശയവിനിമയം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. വിക്കറ്റ് കീപ്പർമാരുടെ ഗ്ലൗസുമായി ബന്ധപ്പെട്ട നിയമത്തിലും ഇളവ് വരുത്തി. ഇനി ബൗളർ പന്ത് എറിയുന്ന നിമിഷത്തിൽ മാത്രം ഗ്ലൗസുകൾ വിക്കറ്റിന് പിന്നിലായാൽ മതിയാകും.

പുതിയ നിയമങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി അമ്പയർമാർക്കും മാച്ച് റഫറിമാർക്കും സംസ്ഥാന അസോസിയേഷനുകൾ മുഖേന പരിശീലനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഈ നിയമഭേദഗതികൾ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) ബാധകമാകുമോ എന്ന കാര്യത്തിൽ ബിസിസിഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ഐപിഎല്ലിന്റെ പ്രത്യേക കളിനിയമങ്ങൾ കാരണം ഇക്കാര്യത്തിൽ അന്തിമ തീരുമാനം പിന്നീട് ഉണ്ടാകുമെന്നാണ് സൂചന.

മറുപടി രേഖപ്പെടുത്തുക