കോക്രോച്ച് ജനത പാർട്ടി പാർലമെന്റിലേക്ക് നടത്തിയ ‘ചലോ സൻസദ്’ മാർച്ചിനിടെ പ്രതിഷേധത്തിൽ പങ്കെടുത്ത യുവതിയെ മർദിച്ചെന്ന ആരോപണം നേരിടുന്ന ഡൽഹി പോലീസിലെ അഡീഷണൽ ഡിസിപി സന്ദീപ് ലാംബയെ ജന്തർ മന്തറിലെ ചുമതലകളിൽ നിന്ന് മാറ്റി.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം എന്ന ആവശ്യമുന്നയിച്ച് സിജെപി ജന്തർ മന്തറിൽ നിന്ന് പാർലമെന്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെയായിരുന്നു വിവാദ സംഭവം. പ്രതിഷേധക്കാരുമായി ഉണ്ടായ സംഘർഷത്തിനിടെ ഒരു യുവതിയുടെ മുഖത്ത് പോലീസ് ഉദ്യോഗസ്ഥൻ അടിക്കുന്നതായി ആരോപിക്കപ്പെടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവത്തിൽ അഡീഷണൽ ഡിസിപി സന്ദീപ് ലാംബയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസിൽ പരാതി നൽകിയതായി രാജ്യസഭാംഗം സാകേത് ഗോഖലെ അറിയിച്ചു. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട ഹർജികൾ ഡൽഹി ഹൈക്കോടതി പരിഗണിക്കുന്നതിനിടെ, സംഭവത്തിൽ ഇതുവരെ ആരും ഔദ്യോഗികമായി എഫ്ഐആർ ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരാതി സമർപ്പിച്ചതെന്ന് സാകേത് ഗോഖലെ വ്യക്തമാക്കി.
ഭാരതീയ ന്യായ സംഹിതയിലെ 74, 115, 131, 198 എന്നീ വകുപ്പുകൾ ചുമത്തി സന്ദീപ് ലാംബയ്ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഗോഖലെയുടെ ആവശ്യം. സംഭവത്തിൽ പോലീസ് വകുപ്പോ ഡൽഹി ഭരണകൂടമോ ഇതുവരെ വിശദമായ പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ഉദ്യോഗസ്ഥനെ ജന്തർ മന്തറിലെ ഡ്യൂട്ടിയിൽ നിന്ന് മാറ്റിയ നടപടി വിഷയത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
