ഉദ്ഘാടനത്തിന് മുമ്പേ ഇന്ത്യക്ക് മെഡൽ ഉറപ്പ്; ഗ്ലാസ്‌ഗോയിൽ തിളങ്ങി ലവ്ലിന ബോർഗോഹെയ്ൻ

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ് നടക്കും മുമ്പേ ഇന്ത്യയ്ക്ക് ആദ്യ മെഡൽ ഉറപ്പാക്കി ഒളിമ്പിക് വെങ്കല മെഡൽ ജേതാവായ ലവ്ലിന ബോർഗോഹെയ്ൻ. വനിതകളുടെ 75 കിലോഗ്രാം മിഡിൽവെയ്റ്റ് വിഭാഗത്തിൽ മത്സരിക്കുന്ന ലവ്ലിനയ്ക്ക് നേരിട്ട് സെമിഫൈനലിലേക്ക് പ്രവേശനം ലഭിച്ചതോടെയാണ് ഇന്ത്യയുടെ മെഡൽ അക്കൗണ്ട് തുറക്കുമെന്ന് ഉറപ്പായത്.

കോമൺവെൽത്ത് ഗെയിംസ് ബോക്സിംഗ് നിയമപ്രകാരം സെമിഫൈനലിൽ തോൽക്കുന്ന ഇരുതാരങ്ങൾക്കും വെങ്കല മെഡൽ ലഭിക്കും. അതിനാൽ സെമിയിലേക്ക് നേരിട്ട് യോഗ്യത നേടിയ ലവ്ലിനയ്ക്ക് റിംഗിലിറങ്ങും മുമ്പ് തന്നെ കുറഞ്ഞത് ഒരു വെങ്കല മെഡൽ ഉറപ്പായി.

ഈ വിഭാഗത്തിൽ ആകെ അഞ്ച് താരങ്ങൾ മാത്രമാണ് മത്സരിക്കുന്നത്. ഒന്നാം സീഡായ ലവ്ലിന ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് സെമിഫൈനലിലേക്ക് നേരിട്ടുള്ള ‘ബൈ’ ലഭിച്ചു. ജൂലൈ 31-ന് നടക്കുന്ന സെമിഫൈനലിൽ ഫിജിയുടെ ടി.കെ.ബി.പി. താഫാകിയെയാണ് ഇന്ത്യൻ താരം നേരിടുക. ഈ മത്സരത്തിൽ വിജയിച്ചാൽ സ്വർണ മെഡലിനായുള്ള ഫൈനലിലേക്ക് മുന്നേറാം. പരാജയപ്പെട്ടാലും വെങ്കല മെഡലോടെ മടങ്ങാനാകും.

ഇതിനിടെ, ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന ബഹുമതിയും ലവ്ലിനയ്ക്കാണ് ലഭിച്ചിരിക്കുന്നത്. അസമിൽ നിന്നുള്ള ഈ ബോക്സർ ഇന്ത്യൻ സംഘത്തിന്റെ പ്രധാന പ്രതീക്ഷകളിലൊരാളായാണ് ഗെയിംസിൽ ഇറങ്ങുന്നത്.

ഇത്തവണ കോമൺവെൽത്ത് ഗെയിംസിൽ കായിക ഇനങ്ങളുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് മുൻ പതിപ്പുകളിൽ നിരവധി മെഡലുകൾ സമ്മാനിച്ച ഗുസ്തി, ബാഡ്മിന്റൺ, ഹോക്കി തുടങ്ങിയ ഇനങ്ങൾ ഗ്ലാസ്‌ഗോ ഗെയിംസിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതോടെ ഇന്ത്യയുടെ മെഡൽ സാധ്യതകളെക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു.

അത്തരം സാഹചര്യത്തിലാണ് ഗെയിംസിന്റെ തുടക്കത്തിൽ തന്നെ ലവ്ലിനയിലൂടെ ഇന്ത്യയ്ക്ക് മെഡൽ ഉറപ്പായത്. ഈ നേട്ടം ഇന്ത്യൻ സംഘത്തിന് ആത്മവിശ്വാസം പകരുന്നതോടൊപ്പം, ഗ്ലാസ്‌ഗോയിൽ കൂടുതൽ മെഡൽ നേട്ടങ്ങൾ ലക്ഷ്യമിടാനുള്ള മികച്ച തുടക്കമായും വിലയിരുത്തപ്പെടുന്നു.

മറുപടി രേഖപ്പെടുത്തുക