തമിഴ്നാട് സെക്രട്ടേറിയറ്റിൽ ചരിത്രപരമായ മാറ്റത്തിന് ഒരുങ്ങുകയാണ് സർക്കാർ. ആറു പതിറ്റാണ്ടിലേറെയായി ഫോർട്ട് സെന്റ് ജോർജ് പരിസരത്ത് പ്രവർത്തിച്ചുവരുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് നാമക്കൽ കവിഗ്നർ മാലിഗൈയിലേക്ക് മാറ്റാൻ തീരുമാനമായി. സ്ഥലപരിമിതിയും വർധിച്ച ഭരണപരമായ ആവശ്യങ്ങളും പരിഗണിച്ചാണ് ഈ നീക്കം.
മുഖ്യമന്ത്രി സി. ജോസഫ് വിജയ് ചുമതലയേറ്റതിന് ശേഷം സന്ദർശകരുടെയും ഉദ്യോഗസ്ഥരുടെയും തിരക്ക് ഗണ്യമായി വർധിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. നിലവിലെ ഓഫീസിൽ ആവശ്യമായ സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ നാമക്കൽ കവിഗ്നർ മാലിഗൈയുടെ പത്താം നിലയിലാണ് പുതിയ ഓഫീസ് ഒരുക്കുന്നത്. അവിടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
പുതിയ ഓഫീസിൽ നിന്ന് ബംഗാൾ ഉൾക്കടലിന്റെ തീരക്കാഴ്ച ലഭിക്കുന്നതും പ്രത്യേകതയാണ്. ഓഫീസ് മാറ്റത്തിന്റെ ഭാഗമായി നിലവിൽ പത്താം നിലയിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ, തമിഴ് വികസന വകുപ്പ്, ആഭ്യന്തര വകുപ്പ്, വാണിജ്യ നികുതി വകുപ്പ് എന്നിവയുടെ ഓഫീസുകൾ മറ്റ് ഇടങ്ങളിലേക്ക് മാറ്റും.
1975-ൽ അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധിയാണ് നാമക്കൽ കവിഗ്നർ മാലിഗൈ ഉദ്ഘാടനം ചെയ്തത്. ഭരണനടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനുമാണ് ഓഫീസ് മാറ്റമെന്ന് അധികൃതർ വ്യക്തമാക്കി.
