മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണം നടത്താൻ ആഭ്യന്തരമന്ത്രി നിർദേശം നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നാണ് വിവരം.
നിലവിൽ റെയിൽവേ പൊലീസ് അന്വേഷിച്ചുവരുന്ന കേസിന്റെ അന്വേഷണ ചുമതല പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക.
ഫെബ്രുവരി 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂർ ജില്ലാ പ്രസിഡന്റുൾപ്പെടെ അഞ്ച് കെഎസ്‌യു പ്രവർത്തകരെ പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവർത്തകർ ആയുധവുമായി മന്ത്രിക്കു നേരെ ചാടിവീഴുകയും കഴുത്തിൽ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തുവെന്നായിരുന്നു മന്ത്രിയുടെ ഗൺമാൻ നൽകിയ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് ആദ്യം കേസെടുത്തത്.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങളിൽ മന്ത്രിക്കെതിരെ നേരിട്ടുള്ള ആക്രമണം നടന്നതായി തെളിയിക്കുന്ന ദൃശ്യങ്ങൾ കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ല. തുടക്കത്തിൽ പ്രതികൾക്കെതിരെ 13 വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് പിന്നീട് വധശ്രമക്കുറ്റം ഉൾപ്പെടെയുള്ള ചില ഗുരുതര വകുപ്പുകൾ ഒഴിവാക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് കേസിന്റെ വിവിധ വശങ്ങൾ വീണ്ടും പരിശോധിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തുടരന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
