സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തീവ്രമഴയുടെ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് ‘അതിശക്തമായ മഴ’യായി കണക്കാക്കുന്നത്.

തെക്കൻ ഗുജറാത്ത് തീരം മുതൽ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതേസമയം, ശക്തി കൂടിയ ന്യൂനമർദ്ദം തെക്കുകിഴക്കൻ രാജസ്ഥാനിന് മുകളിലായി സ്ഥിതി ചെയ്യുന്നതായും ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി ക്രമേണ ദുർബലമായി ന്യൂനമർദ്ദമായി മാറാനിടയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് കൂടാതെ ബുധനാഴ്ചയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഇതിനിടെ, കണ്ണൂർ-കാസർകോട് തീരപ്രദേശങ്ങളിൽ കടലാക്രമണ സാധ്യതയും നിലനിൽക്കുന്നു. വളപ്പട്ടണം മുതൽ ന്യൂ മാഹി വരെയും കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും ഉൾപ്പെടുന്ന തീരമേഖലകളിൽ ഇന്ന് വൈകുന്നേരം 5.30 വരെ 3 മുതൽ 3.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി.

മറുപടി രേഖപ്പെടുത്തുക