ലിറ്ററിന് വെറും 2 രൂപയ്ക്ക് പെട്രോൾ; ലോകത്ത് ഏറ്റവും കുറഞ്ഞ ഇന്ധനവിലയുള്ള രാജ്യങ്ങൾ അറിയാം

ഇന്ത്യയിൽ പെട്രോൾ വില പല നഗരങ്ങളിലും ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിയ സാഹചര്യത്തിൽ, ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഇന്ധനം അതിശയിപ്പിക്കുന്ന വിധം കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. അസംസ്കൃത എണ്ണയുടെ വൻ ശേഖരവും സർക്കാർ സബ്‌സിഡികളും കാരണം ചില രാജ്യങ്ങളിൽ ഒരു ലിറ്റർ പെട്രോൾ ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ വെറും 2 മുതൽ 3 രൂപ വരെ മാത്രമാണ്.

ലോകത്ത് ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോൾ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇറാനാണ് ഒന്നാം സ്ഥാനത്ത്. അവിടെ ഒരു ലിറ്റർ പെട്രോളിന്റെ വില ഏകദേശം 0.03 യൂറോ മാത്രമാണ്. ഇന്ത്യൻ കറൻസിയിൽ ഇത് ഏകദേശം 2 മുതൽ 3 രൂപ വരെയാകുന്നു. രാജ്യത്തിനുള്ളിലെ വൻ എണ്ണശേഖരവും സർക്കാർ നൽകുന്ന ഇന്ധന സബ്‌സിഡിയും ഈ വിലക്കുറവിന് പ്രധാന കാരണങ്ങളാണ്.

രണ്ടാം സ്ഥാനത്ത് തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയാണ്. ഇവിടെ ഒരു ലിറ്റർ പെട്രോളിന്റെ വിലയും ഏകദേശം 0.03 യൂറോയാണ്. ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ 3 രൂപയോട് അടുത്ത വിലയ്ക്കാണ് ഇന്ധനം ലഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരങ്ങളിലൊന്നുള്ള രാജ്യമാണ് വെനിസ്വേല.

മൂന്നാം സ്ഥാനത്ത് മധ്യപൂർവദേശ രാജ്യമായ കുവൈറ്റാണ്. അവിടെ ഒരു ലിറ്റർ പെട്രോളിന്റെ വില ഏകദേശം 0.29 യൂറോയാണ്. ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 28 മുതൽ 32 രൂപ വരെയായി വരും.

ആഫ്രിക്കയിലെയും ഏഷ്യയിലെയും ചില രാജ്യങ്ങളിലും ഇന്ധനവില താരതമ്യേന വളരെ കുറവാണ്. അൾജീരിയയിൽ ഒരു ലിറ്റർ പെട്രോളിന് ഏകദേശം 28 മുതൽ 30 രൂപ വരെയും, തുർക്ക്മെനിസ്ഥാനിൽ 40 മുതൽ 42 രൂപ വരെയും, ഈജിപ്തിൽ 46 മുതൽ 48 രൂപ വരെയും വിലയുണ്ട്.

ഈ രാജ്യങ്ങളിൽ ഇന്ധനവില കുറഞ്ഞുനിൽക്കുന്നതിന് പ്രധാന കാരണം അവയുടെ ആഭ്യന്തര എണ്ണ ഉൽപ്പാദന ശേഷിയാണ്. സ്വന്തം രാജ്യത്തിനുള്ളിൽ തന്നെ വൻതോതിൽ അസംസ്കൃത എണ്ണ ഉൽപ്പാദിപ്പിക്കുന്നതിനാൽ ഇറക്കുമതി ചെലവുകൾ ഒഴിവാക്കാൻ കഴിയുന്നു. കൂടാതെ, പൊതുജനങ്ങളുടെ അടിസ്ഥാന ആവശ്യമായി ഇന്ധനത്തെ കണക്കാക്കി സർക്കാർ നേരിട്ട് സബ്‌സിഡി നൽകുകയും വില നിയന്ത്രിക്കുകയും ചെയ്യുന്നു.

അതേസമയം, എണ്ണ ഉൽപ്പാദനം കുറവായ രാജ്യങ്ങൾ വലിയ തോതിൽ ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നതിനാൽ ആഗോള വിപണിയിലെ വിലമാറ്റങ്ങളും നികുതിഭാരവും ഇന്ധനവിലയെ നേരിട്ട് ബാധിക്കുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ പെട്രോൾ വില ഉയർന്നുനിൽക്കുന്നതിനുള്ള പ്രധാന കാരണവും ഇതുതന്നെയാണ്.

മറുപടി രേഖപ്പെടുത്തുക