വിമർശകരെ ബ്ലോക്ക് ചെയ്താൽ ചോദ്യങ്ങൾ ഇല്ലാതാകില്ല; പേളി മാണി വിമർശനങ്ങൾ നേരിടുന്നതിനിടെ കുറിപ്പുമായിമെറീന മൈക്കിൾ

സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട് അവതാരകയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ പേളി മാണി വിമർശനങ്ങൾ നേരിടുന്നതിനിടെ നടി മെറീന മൈക്കിളിന്റെ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധ നേടുന്നു. പേര് പരാമർശിക്കാതെയാണെങ്കിലും, പോസ്റ്റിലെ പരാമർശങ്ങൾ നിലവിലെ വിവാദങ്ങളുമായി ബന്ധപ്പെട്ടതാണെന്ന വിലയിരുത്തലാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

മറ്റുള്ളവരുടെ അംഗീകാരമല്ല ഒരാളുടെ മൂല്യം നിർണയിക്കുന്നതെന്നും, വിമർശനങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ പോസ്റ്റുകൾ നീക്കം ചെയ്യുകയോ വിമർശകരെ ബ്ലോക്ക് ചെയ്യുകയോ ചെയ്യുന്നത് പരിഹാരമല്ലെന്നും മെറീന കുറിപ്പിൽ പറയുന്നു.

പൊതുസമൂഹത്തിൽ സ്വാധീനമുള്ള വ്യക്തികൾക്ക് വലിയ ഉത്തരവാദിത്തവും ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ മെറീന, എല്ലാവരും യോജിക്കുമ്പോൾ ഉറക്കെ സംസാരിക്കുന്നതിലല്ല യഥാർഥ നേതൃപാടവം അളക്കപ്പെടേണ്ടത് എന്നും അഭിപ്രായപ്പെട്ടു. ആളുകൾ വിയോജിക്കുമ്പോൾ എത്രത്തോളം ശാന്തമായും സത്യസന്ധമായും പ്രതികരിക്കാൻ കഴിയുന്നു എന്നതാണ് കൂടുതൽ പ്രധാനം എന്നും അവർ കുറിച്ചു.

“നീ എന്നോട് ഒരിക്കൽ പറഞ്ഞിരുന്നു, ഇങ്ങനെ ഒരാൾ ജീവിച്ചിരിപ്പുണ്ടെന്ന് പോലും എനിക്കറിയില്ലായിരുന്നു എന്ന്. അതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല. മറ്റുള്ളവരുടെ അംഗീകാരമല്ല ഒരാളുടെ മൂല്യം നിർണയിക്കുന്നത്,” എന്നായിരുന്നു മെറീനയുടെ കുറിപ്പിലെ ഒരു ഭാഗം. ഇന്ന് ഈ സംഭാഷണം ഉണ്ടാകാൻ കാരണം താൻ ആരാണെന്നതല്ല, മറിച്ച് തന്റെ ചോദ്യങ്ങളോട് എങ്ങനെ പ്രതികരിച്ചുവെന്നത് ആളുകൾ ശ്രദ്ധിച്ചതുകൊണ്ടാണെന്നും അവർ വ്യക്തമാക്കി.

സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പ്രകടിപ്പിക്കാൻ തയ്യാറാകുന്നവർ എതിർവായ്പ്പുകളും വിമർശനങ്ങളും കേൾക്കാനും തയ്യാറാകണമെന്ന് മെറീന അഭിപ്രായപ്പെട്ടു. ചോദ്യം ചെയ്യുന്നവരെ പരിഹസിക്കുകയോ ലേബലുകൾ ചാർത്തി തള്ളിക്കളയുകയോ വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് വിധേയരാക്കുകയോ ചെയ്യരുതെന്നും അവർ കൂട്ടിച്ചേർത്തു.

മെറീന മൈക്കിളും പേളി മാണിയും മുൻപ് ഒരു ടെലിവിഷൻ ഷോയുമായി ബന്ധപ്പെട്ട വിവാദത്തിൽ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. ആ പഴയ തർക്കത്തിന്റെ പശ്ചാത്തലവും, പേളിക്കെതിരെ നിലവിൽ ഉയരുന്ന സോഷ്യൽ മീഡിയ വിമർശനങ്ങളും ചേർന്നതോടെയാണ് മെറീനയുടെ പുതിയ കുറിപ്പ് കൂടുതൽ ശ്രദ്ധ നേടുന്നത്.

മറുപടി രേഖപ്പെടുത്തുക