സംവിധായകനും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന അഖിൽ മാരാർ ട്വന്റി 20 പാർട്ടി വിട്ടു. ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബുമായുള്ള അഭിപ്രായഭിന്നതകളാണ് രാജിക്കു പിന്നിലെ കാരണമെന്ന് അഖിൽ മാരാർ വ്യക്തമാക്കി.
പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും നിലവിലെ സാഹചര്യത്തിൽ സഹകരിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് വാഗ്ദാനം ചെയ്തിരുന്ന കൊട്ടാരക്കര സീറ്റ് ലഭിക്കാതായതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിക്കാനായിരുന്നു തന്റെ തീരുമാനം. ആ സമയത്ത് തന്നെ പിന്തുണച്ച് സാബു ജേക്കബ് എത്തിയതോടെയാണ് ട്വന്റി 20യുമായി ചേർന്നതെന്നും അഖിൽ പറഞ്ഞു.
തുടർന്ന് കോൺഗ്രസ് നേതാവായ ആർ. രശ്മി പാർട്ടിയിലെത്തിയതിനെക്കുറിച്ചും അഖിൽ സംശയം പ്രകടിപ്പിച്ചു. രശ്മി സ്വമേധയാ വന്നതാണോ അതോ പാർട്ടി നേതൃത്വം കൊണ്ടുവന്നതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് തൃപ്പൂണിത്തുറ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും അഖിൽ മാരാർ അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പിന് ശേഷം കൊല്ലം ജില്ലാ പ്രസിഡന്റായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും രണ്ടര മാസമായി അതുസംബന്ധിച്ച് യാതൊരു മറുപടിയും ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ജനകീയ വിഷയങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടപ്പോഴും പാർട്ടി നേതൃത്വം പ്രതികരിച്ചില്ലെന്നും അഖിൽ മാരാർ വിമർശിച്ചു.
