അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കുള്ള പ്രവേശന നടപടികൾ കൂടുതൽ ലളിതവും ആധുനികവുമാക്കുന്നതിനായി ഈജിപ്ത് വിസ-ഓൺ-അറൈവൽ സംവിധാനത്തിൽ പുതിയ മാറ്റം അവതരിപ്പിക്കുന്നു. ഓഗസ്റ്റ് 1 മുതൽ കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പഴയ പേപ്പർ വിസ സ്റ്റിക്കറുകൾക്ക് പകരം ഡിജിറ്റൽ ‘വിസ ക്യുആർ കോഡ്’ സംവിധാനം നിലവിൽ വരും.
പുതിയ സംവിധാനപ്രകാരം, യാത്രക്കാരുടെ പാസ്‌പോർട്ടിനൊപ്പം ഡിജിറ്റൽ ക്യുആർ കോഡ് അതിർത്തി നിയന്ത്രണ ഉദ്യോഗസ്ഥർ സ്കാൻ ചെയ്ത ശേഷമായിരിക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുക.
എങ്ങനെ ലഭിക്കും ക്യുആർ വിസ?
ഈജിപ്തിന്റെ ഔദ്യോഗിക ഓൺലൈൻ വിസ വെബ്സൈറ്റ്, ഔദ്യോഗിക മൊബൈൽ ആപ്പ്, അല്ലെങ്കിൽ കെയ്‌റോ വിമാനത്താവളത്തിലെ ആഗമന ഹാളിൽ സ്ഥാപിച്ചിരിക്കുന്ന സ്വയം പ്രവർത്തിക്കുന്ന മെഷീനുകൾ എന്നിവ വഴി ക്യുആർ കോഡ് ലഭ്യമാക്കാം.
യാത്ര പുറപ്പെടുന്നതിന് മുമ്പോ, വിമാനയാത്രയ്ക്കിടയിലോ, ഈജിപ്തിൽ എത്തിയ ശേഷമോ ക്യുആർ കോഡ് ലഭിക്കും. എന്നാൽ ഇത് സൃഷ്ടിച്ച സമയം മുതൽ 48 മണിക്കൂർ മാത്രമേ സാധുതയുള്ളൂ. വിസ ഫീസ് 36 ഡോളറാണ്.
ഇന്ത്യൻ യാത്രക്കാർക്ക് എന്താണ് മാറ്റം?
ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഈജിപ്തിൽ നേരിട്ട് വിസ-ഓൺ-അറൈവൽ സൗകര്യം ലഭ്യമല്ല. എന്നാൽ യുഎസ്, യുകെ, ഷെഞ്ചൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സാധുവായ വിസയുള്ള ഇന്ത്യൻ പൗരന്മാർക്കും, ഗൾഫ് രാജ്യങ്ങളിൽ താമസ പെർമിറ്റ് ഉള്ളവർക്കും പുതിയ ക്യുആർ കോഡ് സംവിധാനത്തിലൂടെ വിസ-ഓൺ-അറൈവൽ സൗകര്യം ലഭിക്കും.
ഈ വ്യവസ്ഥകൾ പാലിക്കാത്ത ഇന്ത്യൻ യാത്രക്കാർക്ക് പതിവുപോലെ യാത്രയ്ക്ക് മുമ്പ് ഓൺലൈനായോ ഈജിപ്ഷ്യൻ എംബസി വഴിയോ വിസയ്ക്ക് അപേക്ഷിക്കേണ്ടിവരും.
ആദ്യഘട്ടത്തിൽ കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പിന്നീട് ഈജിപ്തിലെ മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും സംവിധാനം വ്യാപിപ്പിക്കുമെന്ന് ടൂറിസം, പുരാവസ്തു മന്ത്രാലയം അറിയിച്ചു.
പരീക്ഷണ കാലയളവിൽ പഴയ പേപ്പർ വിസ സ്റ്റിക്കർ സംവിധാനവും പുതിയ ഡിജിറ്റൽ ക്യുആർ കോഡ് സംവിധാനവും ഒരേസമയം തുടരുമെന്നും അധികൃതർ വ്യക്തമാക്കി
