പാക് അധീന കശ്മീരിൽ രക്തച്ചൊരിച്ചിൽ; പാകിസ്ഥാൻ സൈന്യത്തിന്റെ ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു

പാക് അധീന കശ്മീരിൽ സംഘർഷാവസ്ഥ രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ പ്രതിഷേധക്കാർക്കെതിരെ പാക് സൈന്യം നടത്തിയ നടപടികളിൽ 40 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക സംഘടനകൾ ആരോപിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

റാവൽകോട്ട്, മിർപൂർ ഉൾപ്പെടെയുള്ള മേഖലകളിൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ സാധാരണക്കാർ കൊല്ലപ്പെട്ടതായും നൂറുകണക്കിന് പേരെ അറസ്റ്റ് ചെയ്തതായും യുണൈറ്റഡ് കശ്മീർ പീപ്പിൾസ് നാഷണൽ പാർട്ടി (യുകെപിഎൻപി) ആരോപിച്ചു. ജൂൺ 5 മുതൽ പാക് സൈനിക നടപടികളിൽ 100ലേറെ സാധാരണക്കാർ കൊല്ലപ്പെട്ടതായും നിരവധി പേരെ കാണാതായതായും സംഘടന വ്യക്തമാക്കി.

ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേതാവ് സർദാർ അമ്മാൻ ഖാനും സംഭവത്തിൽ രൂക്ഷ വിമർശനം ഉന്നയിച്ചു. നിരായുധരായ പ്രതിഷേധക്കാർക്കെതിരായ കൂട്ടക്കൊലയാണ് നടന്നതെന്നും രണ്ട് ദിവസത്തിനിടെ 38 സമാധാനപരമായ പ്രതിഷേധക്കാർ കൊല്ലപ്പെട്ടതായും അദ്ദേഹം സമൂഹമാധ്യമമായ എക്‌സിലൂടെ ആരോപിച്ചു.

പി.ഒ.കെയിൽ തുടരുന്ന പ്രതിഷേധങ്ങൾ പാകിസ്താന്റെ നിയന്ത്രണത്തിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സംഭവങ്ങളിൽ ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും ഇടപെട്ട് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും യുകെപിഎൻപി ആവശ്യപ്പെട്ടു.

അതേസമയം, മേഖലയിൽ ആശയവിനിമയ സംവിധാനങ്ങൾ തടസപ്പെട്ടതായും പാക് അധീന കശ്മീരിലെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

മറുപടി രേഖപ്പെടുത്തുക