16 വർഷമായി വേർപിരിഞ്ഞ ജീവിതം; ഒടുവിൽ ഒമർ അബ്ദുല്ലയ്ക്കും പായലിനും വിവാഹമോചനം അനുവദിച്ച് സുപ്രീംകോടതി

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയും ഭാര്യ പായൽ അബ്ദുല്ലയും പരസ്പര സമ്മതത്തോടെ വിവാഹമോചിതരായി. ഇരുവരും വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി സുപ്രീംകോടതിയെ അറിയിച്ചു. ഒമർ അബ്ദുല്ലയ്ക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഹാജരായി.

ജസ്റ്റിസുമാരായ പി.എസ്. നരസിംഗ, അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പരസ്പരം നൽകിയിട്ടുള്ള എല്ലാ കേസുകളും പിൻവലിക്കുമെന്ന് ഇരുപക്ഷവും കോടതിയെ അറിയിച്ചു. ഇതോടെ ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള പ്രത്യേക അധികാരം വിനിയോഗിച്ച് സുപ്രീംകോടതി വിവാഹമോചനം അനുവദിച്ചു.

1994 സെപ്റ്റംബറിലായിരുന്നു ഒമർ അബ്ദുല്ലയും പായലും വിവാഹിതരായത്. എന്നാൽ 2009 മുതൽ ഇരുവരും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്.

കേസിന്റെ മുൻഘട്ടങ്ങളിൽ, കഴിഞ്ഞ 16 വർഷമായി ഇരുവരും വേർപിരിഞ്ഞ് കഴിയുകയാണെന്നും വിവാഹബന്ധം പൂർണമായും തകർന്ന നിലയിലാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഉപേക്ഷിച്ചുപോവലും ക്രൂരതയും ചൂണ്ടിക്കാട്ടി ഒമർ അബ്ദുല്ല 2016-ൽ വിവാഹമോചനം തേടിയിരുന്നെങ്കിലും, കുടുംബകോടതി ഹർജി തള്ളുകയായിരുന്നു. തുടർന്ന് ഡൽഹി ഹൈക്കോടതിയെയും അദ്ദേഹം സമീപിച്ചെങ്കിലും 2023-ൽ ഹൈക്കോടതിയും കുടുംബകോടതിയുടെ വിധി ശരിവെച്ചു.

നിലവിലുള്ള എല്ലാ കേസുകളും പിൻവലിച്ച് ഒത്തുതീർപ്പിലെത്തിയ സാഹചര്യത്തിലാണ് സുപ്രീംകോടതി വിവാഹമോചനം അനുവദിച്ച് കേസ് അവസാനിപ്പിച്ചത്. ഇതോടെ ഏകദേശം ഒന്നര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന നിയമപോരാട്ടത്തിനാണ് വിരാമമായത്.

മറുപടി രേഖപ്പെടുത്തുക