പുസ്തകം വായിച്ചശേഷം എന്നെ പരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്; രജനീകാന്തിൽ നിന്ന് പ്രത്യേക സമ്മാനം; മനസ് തുറന്ന് റാഷി ഖന്ന

തമിഴ് സൂപ്പർതാരം രജനീകാന്തിൽ നിന്ന് ലഭിച്ച പ്രത്യേക സമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തി നടി റാഷി ഖന്ന. ‘ധർമ്മൻ’ സിനിമയുടെ ചിത്രീകരണത്തിനിടെ രജനീകാന്ത് സമ്മാനിച്ച ‘ലിവിംഗ് വിത്ത് ദ ഹിമാലയൻ മാസ്റ്റേഴ്സ്’ എന്ന പുസ്തകം തനിക്ക് ആഴത്തിലുള്ള സ്വാധീനം ചെലുത്തിയെന്ന് താരം പറഞ്ഞു.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് റാഷി അനുഭവം പങ്കുവെച്ചത്. ചിത്രീകരണത്തിനിടെ രജനീകാന്തുമായി ആത്മീയതയെക്കുറിച്ച് നടത്തിയ സംഭാഷണത്തിനിടെയാണ് ഈ പുസ്തകത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചതെന്ന് റാഷി പറഞ്ഞു.

“ഈ പുസ്തകം വായിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ വായിച്ചിട്ടില്ലെന്ന് പറഞ്ഞതിനെ തുടർന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം അതിന്റെ ഒരു കോപ്പി കൊണ്ടുവന്ന് സമ്മാനിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ഞാൻ അത് ആസ്വദിച്ച് വായിക്കുകയാണ്. പുസ്തകം വായിച്ചശേഷം എന്നെ പരീക്ഷിക്കുമെന്നും അദ്ദേഹം തമാശയായി പറഞ്ഞിട്ടുണ്ട്,” റാഷി വ്യക്തമാക്കി.

പുസ്തകം മനുഷ്യരുടെ ആത്മപരിചയത്തെയും ജീവിതത്തിലെ വിച്ഛേദബോധത്തെയും കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതായും താരം പറഞ്ഞു. “നമ്മൾ സ്വയം നഷ്ടപ്പെട്ടതുകൊണ്ടല്ല പലപ്പോഴും ഒറ്റപ്പെട്ടതായി തോന്നുന്നത്. മറിച്ച്, മറ്റൊരാളാകാൻ ശ്രമിച്ച് വർഷങ്ങൾ ചെലവഴിക്കുന്നതിനാലാണ്. അതുകൊണ്ടാണ് നിശബ്ദത പലപ്പോഴും ഇത്ര ശക്തമായി അനുഭവപ്പെടുന്നത്,” റാഷി അഭിപ്രായപ്പെട്ടു.

അതേസമയം, രജനീകാന്തും റാഷി ഖന്നയും ഒന്നിക്കുന്ന ‘ധർമ്മൻ’ സിനിമ പ്രഖ്യാപിച്ചതുമുതൽ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിട്ടുണ്ട്. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രം തമിഴ് സിനിമയിലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

മറുപടി രേഖപ്പെടുത്തുക